കുരിശിൽ തറച്ചവർ കാണുക അവൻ, ബുകയോ സാക ഉയിർത്തെഴുന്നേറ്റു ഖത്തറിൽ ആകാശം മുട്ടെ നിൽക്കുന്നത്

Wasim Akram

20221121 202711
Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2021 ജൂലൈ 11 നു 55 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ആദ്യ യൂറോ കപ്പ് കിരീടം ഉയർത്താൻ ലഭിച്ച അവസരം ഇംഗ്ലണ്ടിന് നഷ്ടമായ ദിനം ആയിരുന്നു. അന്ന് ഇറ്റലിക്ക് എതിരെ ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ അവസാന പെനാൽട്ടി എടുക്കാൻ പല പരിചയസമ്പന്നരായ താരങ്ങളും വിസമ്മതം പ്രകടിച്ചപ്പോൾ മുന്നോട്ട് വന്നത് ബുകയോ സാക എന്ന 19 കാരൻ ആയിരുന്നു. പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്റെ ഭാരം സമ്മർദ്ദം ആയപ്പോൾ സാകയുടെ പെനാൽട്ടി ഡോണരുമ തടഞ്ഞു. ഇറ്റലിക്ക് യൂറോ കിരീടം ഇംഗ്ലണ്ടിന് ആവട്ടെ വീണ്ടും ഒരു പെനാൽട്ടി ശാപം. കണ്ണീർ വാർത്ത സാകയെ ചേർത്തു നിർത്തി ഇംഗ്ലീഷ് താരങ്ങൾ ആശ്വസിപ്പിച്ചു. എന്നാൽ അതിനു ശേഷം സാക എന്ന 19 കാരൻ നേരിട്ടത് കടുത്ത വംശീയ അധിക്ഷേപങ്ങൾ ആയിരുന്നു.

അവൻ കുരിശിൽ തറക്കപ്പെട്ടു, അധിക്ഷേപങ്ങൾ അവന് മേൽ ക്രൂരമായി ചൊരിഞ്ഞു. അവനും സാഞ്ചോക്കും റാഷ്ഫോർഡിനും പിറകിൽ ഫുട്‌ബോൾ ലോകം ഒന്നാകെ അണിനിരന്നു. തൊലി കറുത്തവൻ ആയത് കൊണ്ട് മാത്രം കുരിശിൽ തറക്കപ്പെട്ട സാകയെ ആഴ്‌സണൽ ആരാധകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അവനായി അവർ ആർത്തു വിളിച്ചു, തങ്ങളുടെ ‘സ്റ്റാർ ബോയി’ അവൻ ആണെന്ന് അവർ ആർത്തു വിളിച്ചു. യൂറോ കപ്പ് കഴിഞ്ഞു പ്രീമിയർ ലീഗിൽ കളിക്കാൻ എത്തിയപ്പോൾ അവനായി കയ്യടിക്കാൻ എന്തിനു ടോട്ടനം ആരാധകരും ചെൽസി ആരാധകരും വരെ മുന്നിട്ട് നിന്നു. പിന്നീട് വംശീയതയെ തോൽപ്പിച്ചു ആർട്ടെറ്റയുടെ ഏറ്റവും വിശ്വസ്തൻ ആയി ആഴ്‌സണലിന്റെ ഉയർച്ചയുടെ ഏറ്റവും വലിയ പങ്കും വഹിക്കുന്ന അവനെ ആണ് ലോകം കണ്ടത്.

പിന്നീട് ഒരിക്കൽ പോലും പെനാൽട്ടി പാഴാക്കാത്ത സാകയെ ആണ് ലോകം കണ്ടത്. ചെൽസിയുടെ മെന്റിക്ക് എതിരെ, ലിവർപൂളിന്റെ ആലിസണിനു എതിരെ, ടോട്ടനത്തിന്റെ ലോറിസിന് എതിരെ എല്ലാം അവൻ അനായാസം പെനാൽട്ടികൾ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്നിപ്പോൾ അവൻ അവന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാൻ ഖത്തറിൽ ഇറങ്ങി. അന്നത്തെ യൂറോ കപ്പ് പെനാൽട്ടി പാഴാക്കിയ ശേഷം ഒരു പ്രധാന ടൂർണമെന്റിൽ അവന്റെ പ്രധാന മത്സരം. ഫുട്‌ബോളിന് പുറത്ത് മാനങ്ങൾ ഉള്ള മത്സരത്തിൽ ഇറാന് എതിരെ ഇംഗ്ലണ്ട് 6-2 ന്റെ വലിയ ജയം കുറിക്കുമ്പോൾ സാകയുടെ ഇടത് കാലിൽ നിന്നു പിറന്നത് രണ്ടു അതുഗ്രൻ ഗോളുകൾ ആയിരുന്നു. 43 മത്തെ മിനിറ്റിൽ മഗ്വയറിന്റെ ഹെഡറിൽ നിന്നു ലഭിച്ച പന്തിൽ നിന്നു മനോഹരമായ വോളിയിലൂടെ ആണ് സാക തന്റെ ആദ്യ ഗോൾ നേടിയത്.

ബുകയോ സാക

പെർഫെക്റ്റ് എന്നു പറയാവുന്ന മനോഹരമായ അടി ആയിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതിയിൽ സ്റ്റെർലിങിന്റെ പാസിൽ നിന്നു സാക നേടിയ ഗോളും അതുഗ്രൻ ആയിരുന്നു. പന്ത് സ്വീകരിച്ച സാക മൂന്നു ഇറാൻ താരങ്ങളെയും ഗോൾ കീപ്പറെയും കാഴ്ചക്കാർ നിർത്തിയ മനോഹരമായ ചലനങ്ങളിലൂടെ പന്ത് വലയിൽ ആക്കുക ആയിരുന്നു. ഗോൾ നേട്ടത്തോടെ ഇംഗ്ലണ്ടിന് ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായും സാക മാറി. മത്സരത്തിലെ താരവും മറ്റാരും അല്ലായിരുന്നു. ഇനിയുള്ള ഇംഗ്ലണ്ട് മത്സരങ്ങളിലും സാക തന്നെയാവും ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്. ഉറപ്പായിട്ടും ഒന്നര വർഷം മുമ്പ് അവനു മേൽ വംശീയ അധിക്ഷേപങ്ങൾ ചൊറിഞ്ഞവർക്ക് കുരിശിൽ തറച്ചവർക്ക് അവൻ കളത്തിൽ മറുപടി നൽകുമ്പോൾ ഖത്തർ ലോകകപ്പിൽ അവൻ ആകാശം മുട്ടെ ഉയർന്നു ഉയിർത്തെഴുന്നേറ്റു നിൽക്കുക ആണ്. ഉറപ്പായിട്ടും വംശീയതക്ക് എതിരെയുള്ള ജയം കൂടിയാണ് സാകയുടെ ഈ ഉയിർത്തെഴുന്നേപ്പ്.