അഞ്ചു കൊല്ലത്തിന് ശേഷം ലോക റാങ്കിംഗിൽ ഒന്നാമത് എത്തി ബ്രസീൽ, ഇന്ത്യ 106 സ്ഥാനത്ത്

അഞ്ചു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗിൽ ഒന്നാമത് എത്തി ബ്രസീൽ. ഫിഫ റാങ്കിംഗിൽ 4,731 ദിവസങ്ങൾ ചിലവിട്ട ബ്രസീൽ തന്നെയാണ് ചരിത്രത്തിൽ ഏറ്റവും അധികം കാലം ഒന്നാം നമ്പർ പദവിയിൽ ഇരുന്ന രാജ്യവും. കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ചിലിയെ 4-0 നു നാട്ടിലും ബൊളീവിയയെ 4-0 എതിരാളികളുടെ നാട്ടിലും തകർത്തത് ആണ് ബ്രസീലിനു സഹായകരമായത്. ഇതോടെ കഴിഞ്ഞ 3 വർഷമായി ഒന്നാമത് ആയിരുന്ന ബെൽജിയത്തെ അവർ പിന്തള്ളി. അയർലാന്റിനോട് സൗഹൃദ മത്സരത്തിൽ 2-2 നു സമനില വഴങ്ങിയത് ആണ് ചുവന്ന ചെകുത്താന്മാർക്ക് തിരിച്ചടിയായത്.

20201012 235701

നാളെ നടക്കുന്ന ഫിഫ ഖത്തർ ലോകകപ്പ് ഗ്രൂപ്പ് നിർണയത്തിൽ റാങ്കിങ് നിർണായകമാണ്. ആദ്യ റാങ്കിൽ ഉള്ളവരും ആതിഥേയരായ ഖത്തറും ആണ് ടോപ്പ് സീഡ് ചെയ്ത രാജ്യങ്ങൾ. നിലവിൽ ബെൽജിയം രണ്ടാം റാങ്കിൽ നിൽക്കുമ്പോൾ ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാമതും ആണ്. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ട് നിൽക്കുമ്പോൾ യൂറോപ്യൻ ജേതാക്കൾ ആയ ഇറ്റലി ആറാം സ്ഥാനത്ത് ആണ്. സ്‌പെയിൻ ഏഴാമത് നിൽക്കുമ്പോൾ ഇറ്റലി ലോകകപ്പ് യോഗ്യത നേടാത്തത് കൊണ്ടു റാങ്കിംഗിൽ എട്ടാമത് ഉള്ള പോർച്ചുഗൽ ടോപ്പ് സീഡ് ചെയ്ത രാജ്യങ്ങളിൽ ഇടം പിടിച്ചു. അതേസമയം രണ്ടു സ്ഥാനം നഷ്ടപ്പെട്ട ഇന്ത്യ 106 സ്ഥാനത്ത് ആണ്.