എ.എഫ്.സി കപ്പിൽ ബെംഗളൂരു എഫ്.സിക്ക് ഉജ്വല ജയം

എ.എഫ്.സി കപ്പ് പ്രാരംഭ ഗ്രൂപ്പ് മത്സരത്തിൽ ഭൂട്ടാനിൽ നിന്നുള്ള ട്രാൻസ്‌പോർട് യുണൈറ്റഡിനെ ഏകപക്ഷീയ 3 ഗോളുകൾക്ക് തകർത്ത് ബെംഗളൂരു എഫ്.സി. ആദ്യ പാദത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ ബെംഗളൂരു സ്വന്തം ഗ്രൗണ്ടിൽ ട്രാൻസ്‌പോർട് യുണൈറ്റഡിനെ ഏകപക്ഷീയമായി തറപറ്റിക്കുകയായിരുന്നു.  ജയത്തോടെ ബെംഗളൂരു എഫ്.സി അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ ട്രാൻസ്‌പോർട് യുണൈറ്റഡിന് മേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട ബെംഗളൂരു 27മത്തെ മിനുറ്റിൽ ബൊയ്തങ് ഹഹോകിപ്പിലൂടെ മത്സരത്തിൽ ലീഡ് നേടുകയായിരുന്നു. താരത്തിന്റെ ബെംഗളുരുവിന് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് ആദ്യ പകുതിയിൽ ബെംഗളൂരു എഫ്.സി നിരവധി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം പിറന്നില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ബെംഗളൂരു എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് മുൻപിലായിരുന്നു.

തുടർന്ന് രണ്ടാം പകുതിയുടെ 56ആം മിനുട്ടിൽ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. സെംബോയിയുടെ പാസിൽ നിന്ന് ഡാനിയേൽ ആണ് ഭൂട്ടാൻ ടീമിന്റെ വല കുലുക്കിയത്. 62ആം മിനുട്ടിൽ ബെംഗളൂരു മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ഗോൾ നേടിയത്  സെംബോയിയായിരുന്നു. ടോണിയും ഖബ്‌റയും ചേർന്ന് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് ബെംഗളൂരു മൂന്നാമത്തെ ഗോൾ നേടിയത്.

തുടർന്ന് നാലാമത്തെ ഗോളിനായി ബെംഗളൂരു എഫ്.സി ശ്രമിച്ചെങ്കിലും നാലാമത്തെ ഗോൾ നേടാൻ അവർക്കായില്ല. സുനിൽ ഛേത്രിയടക്കം പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ബെംഗളൂരു ടീമിനെയിറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial