ഗോളുമായി ഫാറ്റി; മിലാനെതിരെ വിജയവുമായി ബാഴ്‌സലോണ

Nihal Basheer

20230802 104242
Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കൻ മണ്ണിലെ അവസാന പ്രീ സീസൺ പോരാട്ടത്തിൽ മിലാനെ നേരിടാൻ ഇറങ്ങിയ ബാഴ്‌സലോണക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. രണ്ടാം പകുതിയിൽ ആൻസു ഫാറ്റി നേടിയ ഗോൾ ആണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇതോടെ സ്വദേശത്തേക്ക് മടങ്ങുന്ന ടീമുകൾ സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടരും. ജോവാൻ ഗാമ്പർ ട്രോഫിയിൽ ടോട്ടനത്തെയാണ് ഇനി ബാഴ്‌സക്ക് നേരിടാൻ ഉള്ളത്. ട്രെന്റോ, നോവാര തുടങ്ങിയ ടീമുകളുമായി മിലാൻ പരിശീലന മത്സരത്തിൽ ഏർപ്പെടും.
20230802 104214
ടീം വിടുമെന്ന് ഉറപ്പായ ഡെമ്പലെ ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. പുലിസിച്ച്, ലോഫറ്റസ് ചീക്, റെയ്ന്റെഴ്‌സ് തുടങ്ങി പുതിയ താരങ്ങളെ എല്ലാം മിലാൻ അണിനിരത്തി. തുടക്കത്തിൽ ബാഴ്‌സയുടെ സമ്പൂർണ ആധിപത്യം ആയിരുന്നു. മിലാൻ തുടർച്ചയായ പന്ത് നഷ്ടപ്പെടുത്തി. റാഫിഞ്ഞയിലൂടെ ആയിരുന്നു കൂടുതൽ മുന്നേറ്റങ്ങളും. മറു വശത്ത് ലിയവോയെ കണ്ടെത്താൻ മിലാൻ ബുദ്ധിമുട്ടി. ഒൻപതാം മിനിറ്റിൽ ബാഴ്‌സയുടെ കോർണർ മേഗ്നൻ തടുത്തു. പിന്നീട് മറ്റൊരു കോർണറിലൂടെ എത്തിയ പന്തിൽ കുണ്ടെയുടെ ശ്രമം പോസ്റ്റിൽ ഇടിച്ചു തെറിച്ചു. പതിയെ മിലാൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. എതിർ ബോക്സിലേക്ക് തുടർച്ചയായ നീക്കങ്ങൾ എത്തി. 18 ആം മിനിറ്റിൽ മിലാന്റെ കോർണറിൽ ടോമോരിയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. കൗണ്ടറിൽ റാഫിഞ്ഞയിലൂടെ എത്തിയ നീക്കം പക്ഷെ ഫെറാൻ ടോറസിന് നിയന്ത്രിക്കാൻ ആയില്ല. മികച്ചൊരു നീകത്തിനൊടുവിൽ ദുഷകരമായ ആംഗിളിൽ നിന്നും ലിയാവോ തൊടുത്ത ഷോട്ട് കീപ്പർ തടുത്തു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമുകളും തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തി. കൗണ്ടറിൽ നിന്നും ലിയാവോയുടെ ഷോട്ട് പോസ്റ്റിൽ നിന്നും അകന്ന് പോയി. 54ആം മിനിറ്റിൽ ഡി യോങ് ഉയർത്തി നൽകിയ ബോളിൽ അരോവോ ഹെഡർ ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടു പിറകെ ഫാറ്റിയുടെ ഗോൾ എത്തി. ഇടത് വിങ്ങിലൂടെ എത്തിയ നീകത്തിനൊടുവിൽ ബോക്സിലേക്ക് കയറി താരം തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. 65ആം മിനിറ്റിൽ റാഫിഞ്ഞ നയിച്ച മുന്നേറ്റം ലെവെന്റോവ്സ്കി ബോക്സിലേക്ക് ഉയർത്തി നൽകിയപ്പോൾ അരോഹോ വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചിരുന്നു. 75ആം മിനിറ്റിൽ മിലാന് സമനില ഗോൾ നേടാനുള്ള സുവർണാവസരം കൈവന്നു. ഡെസ്റ്റിന്റെ കാലുകളിൽ പന്ത് റാഞ്ചിയ റെയ്ന്റെഴ്‌സിൽ നിന്നും പാസ് സ്വീകരിച്ച് കുതിച്ച ലിയാവോ ബോസ്‌കിനുള്ളിൽ താരത്തിന് തന്നെ പന്ത് കൈമാറിയെങ്കിലും ഷോട്ട് ലക്ഷ്യത്തിൽ നിന്നും വളരെ അകന്ന് പോയി. പിന്നീടും ഇരു ഭാഗത്തും അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ ആക്കി മാറ്റുന്നതിൽ ടീമുകൾ പരാജയമായി. അവസാന അരമണിക്കൂറിൽ കഴിയുന്നത്രയും താരങ്ങൾക്ക് അവസരം നൽകാനാണ് ടീമുകൾ ശ്രമിച്ചതും.