ബംഗ്ലാദേശിനെ തളച്ച് നേപ്പാൾ സാഫ് കപ്പ് ഫൈനലിൽ

സാഫ് കപ്പ് ഫൈനലിലെ ആദ്യ സ്ഥാനം നേപ്പാൾ ഉറപ്പിച്ചു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ സമനിലയിൽ പിടിച്ചാണ് നേപ്പാൾ ഫൈനലിലേക്ക് എത്തിയത്. 1-1 എന്ന രീതിയിലാണ് മത്സരം അവസാനിച്ചത്. ഇന്ന് ഒമ്പതാം മിനുട്ടിൽ ബംഗ്ലാദേശ് റെസയിലൂടെ ലീഡ് എടുത്തു. അവർ വിജയത്തിലേക്ക് പോവുകയാണ് എന്ന് തോന്നിപ്പിച്ചു എങ്കിലും ഒരു ചുവപ്പ് കാർഡ് ബംഗ്ലാദേശിന് തിരിച്ചടിയായി. ഗോൾ കീപ്പർ റഹ്മാൻ സികോ ആണ് ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയത്‌‌. 88ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് നേപ്പാൾ സമനില നേടിയത്. ബിസ്റ്റ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്‌‌.

ഈ സമനിലയോടെ നേപ്പാളിന് 7 പോയിന്റായി. നേപ്പാളാണ് ഒന്നാമത് ഉള്ളത് ഇപ്പോൾ. പിറകിൽ ഉള്ള മാൽഡീവ്സിന് 6 പോയിന്റുൻ ഇന്ത്യക്ക് 5 പോയിന്റുമാണ്. ഇന്ത്യയും മാൽഡീവസും ആണ് ഇന്ന് അവസാന മത്സരത്തിൽ ഏറ്റുമുട്ടുന്നത്‌. ഇന്ത്യക്ക് ജയിച്ചാൽ മാത്രമേ ഫൈനലിൽ എത്താൻ ആവുകയുള്ളൂ‌.