ഇന്ത്യക്ക് നോക്കൗട്ട് റൗണ്ട് എത്തിയെ മതിയാവു. ഈ ഏഷ്യൻ കപ്പിലെ പ്രകടനങ്ങൾ ഒക്കെ മികച്ചതാണ് എങ്കിലും അത് ഫലത്തിൽ കാണാൻ ആകണമെങ്കിൽ നോക്കൗട്ട് റൗണ്ടിൽ ഇന്ത്യക്ക് എത്തിയേ മതിയാകു. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ് ഇപ്പോൾ ഇന്ത്യ ഉള്ളത്. ഇന്നലത്തെ ഗ്രൂപ്പ് എയിലെ ഫലങ്ങൾ ഈ ഗ്രൂപ്പിൽ നിന്ന് ആർക്കും നോക്കൗട്ടിൽ എത്താം എന്ന അവസ്ഥയിൽ ആക്കി ഇരിക്കുകയാണ്. ഇന്ത്യക്ക് എങ്ങനെയൊക്കെ ഗ്രൂപ്പ് ഘട്ടം കടക്കാം എന്ന് നോക്കാം.
1, ബഹ്റൈനെ തോൽപ്പിക്കുക;
ബഹ്റൈനെ തോൽപ്പിക്കുക എന്നതാണ് കണക്കുകൾ അധികം ആവശ്യമില്ലാത്ത വഴി. ബഹ്റൈനെതിരെ ജയിച്ചാൽ ബാക്കിയുള്ള ഫലങ്ങൾ എന്തായാലും ഇന്ത്യ നോക്കൗട്ട് റൗണ്ടിൽ എത്തിയിരിക്കും. പക്ഷെ ബഹ്റൈനെ തോൽപ്പിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല.
2, ബഹ്റൈനുമായി സമനില;
ബഹ്റൈനുമായി ഒരു സമനില നേടിയാലും ഏകദേശം ഇന്ത്യക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനമുണ്ട് എന്നതാണ് ഇതിലെ കാര്യം. സാധാരണ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാമത് എത്തുന്നവർക്ക് അധികവും മൂന്ന് പോയന്റാകും ഉണ്ടാവുക. ഇന്ത്യക്ക് സമനില നാലു പോയന്റ് നൽകും. ഒപ്പം മെച്ചപ്പെട്ട ഗോൾശരാശരിയും. അതുകൊണ്ട് തന്നെ ആദ്യ രണ്ട് സ്ഥാനക്കാരായി കയറിയില്ല എങ്കിലും മൂന്നാം സ്ഥാനക്കാരായി കയറാൻ പറ്റും.
ഇന്ത്യ ബഹ്റൈനെതിരെ സമനില പിടിക്കുകയും തായ്‌ലാന്റ് യു എ ഇക്കെതിരെ സമനില പിടിക്കുകയും ചെയ്താൽ യു എ ഇക്ക് 5 പോയന്റും തായ്ലാന്റ്, ഇന്ത്യ എന്നീ ടീമുകൾക്ക് നാലു പോയന്റും ആകും. അപ്പോൾ ഹെഡ് ടു ഹെഡിന്റെ ബലത്തിൽ തായ്ലാന്റിന്റെ പിറകിലാക്കി ഇന്ത്യക്ക് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാം.
ഇന്ത്യ ബഹ്റൈനെ സമനിലയിൽ പിടിക്കുകയും യു എ ഇയെ തായ്ലാന്റ് പരാജയ്പ്പെടുത്തുകയും ചെയ്താൽ തായ്ലാന്റിന് ആറു പോയന്റും ഇന്ത്യ യു എ ഇ എന്നിവർക്ക് നാലു പോയന്റും ആകും. അപ്പോൾ തായ്ലാന്റ് ഒന്നാം സ്ഥാനക്കാരായും യു എ ഇ രണ്ടാം സ്ഥാനക്കാരായും ഗ്രൂപ്പ് ഘട്ടം കടക്കും. ഇന്ത്യക്ക് മികച്ച മൂന്നാം സ്ഥാനക്കാർ ആവാൻ കാത്തിരിക്കേണ്ടി വരും.
ബഹ്റൈനെ ഇന്ത്യ സമനിലയിൽ പിടിക്കകയും യു എ ഇ തായ്ലാന്റിനെ തോൽപ്പിക്കുകയും ചെയ്താലും ഇന്ത്യക്ക് നേരിട്ട് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാം.
ഇന്ത്യ ബഹ്റൈനെതിരെ പരാജയപ്പെട്ടാൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ട് പോകും. ബഹ്റൈനും തായ്ലാന്റും അവസാന മത്സരങ്ങൾ ജയിക്കുക ആണെങ്കിൽ ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാാനത്തേക്ക് എത്തും. അത് എല്ലാ പ്രതീക്ഷകളുടെയും അവസാനം ആകും.