ഇനി 45 മിനുട്ടുകൾ കൂടെ. ഏഷ്യൻ കപ്പിലെ നിർണായകമായ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്. സ്കോർ ഇങ്ങനെ തുടരുകയാണെങ്കിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്യുകയും നോക്കൗട്ട് റൗണ്ടിൽ എത്തുകയും ചെയ്യും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യു എ ഇ തായ്ലാന്റ് മത്സരം 1-1 എന്ന നിലയിലാണ്. തായ്ലാന്റുമായി ഹെഡ് ടു ഹെഡിൽ ഇന്ത്യ മുന്നിൽ ആയതിനാൽ തായ്ലാന്റ് ജയിക്കാതിരിക്കുന്നത് വരെ ഇന്ത്യക്ക് ഇന്ന് പ്രശ്നം ഉണ്ടാവില്ല.
ആദ്യ രണ്ടു മത്സരങ്ങളിലും കണ്ട ആക്രമിച്ചു കളിക്കുന്നൈ ഇന്ത്യയെ അല്ല ഇന്ന് കണ്ടത്. കുറച്ചു കൂടെ കരുതലയോടെ ആണ് ഇന്ത്യ ആദ്യ പകുതിയിൽ കളിച്ചത്. ഇന്ത്യ അവസരങ്ങൾ സൃഷ്ടിച്ചില്ല എങ്കിലും ഇന്ത്യക്ക് കളി നിയന്ത്രിക്കാൻ ആദ്യ 45 മിനുട്ടിൽ കഴിഞ്ഞു. ബഹ്റൈന് അധികം അവസരങ്ങൾ സൃഷ്ടിക്കാനും ആദ്യ പകുതിയിൽ ആയില്ല.
കളിയുടെ ആദ്യ മിനുട്ടിൽ തന്നെ അനസിന് പരിക്കേറ്റതും അനസ് കളം വിട്ടതും ആദ്യ ഇന്ത്യയെ വലച്ചു എങ്കിലും പിന്നീട് ഇന്ത്യൻ ഡിഫൻസ് മികച്ചു നിന്നു. ജിങ്കൻ ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇനി 45 മിനുട്ട് കൂടെ ഇന്ത്യ മികച്ചു നിന്നാൽ നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നത്തിലേക്ക് ഇന്ത്യക്ക് കടക്കാം.