എല്ലാം രാഹുലിനു സമര്‍പ്പിച്ച് ഗില്‍

തന്റെ ബാറ്റിംഗ് ഇത്രയും മെച്ചപ്പെട്ടതിനു പിന്നില്‍ രാഹുല്‍ ദ്രാവിഡാണെന്ന് വ്യക്തമാക്കി ശുഭ്മന്‍‍ ഗില്‍. രണ്ട് വര്‍ഷത്തിലധികമായി താന്‍ ദ്രാവിഡിനു കീഴിലാണ്. U-19 കാലത്തും പിന്നെ ഇന്ത്യ എയ്ക്കുമൊപ്പം. അദ്ദേഹത്തിനു എന്റെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ തെറ്റ് കുറ്റങ്ങള്‍ ശരിയാക്കുവാന്‍ വേണ്ട ഉപദേശങ്ങളും കൃത്യമായി തരാറുണ്ട്.

തന്നെ വളരെ അധികം സ്വാധീനിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ് എന്നും ഇന്ത്യയുടെ ന്യൂസിലാണ്ട് ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗില്‍ പറഞ്ഞു. ബിസിസിഐയില്‍ നിന്ന് വന്ന വിളി തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ഗില്‍ പറഞ്ഞു. താന്‍ ഉറങ്ങാന്‍ പോകുന്നതിനിടെയാണ് തനിക്ക് റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് ആശംസ സന്ദേശം എത്തിത്തുടങ്ങുന്നത്.

തനിക്ക് ആദ്യം കുറേ നേരം വിശ്വസിക്കാനായില്ലെന്നും പിന്നീട് അച്ഛനോട് കാര്യം പറയുകയും അതിനു ശേഷം ബിസിസിഐയില്‍ നിന്ന് വിളി വന്ന ശേഷം മാത്രമാണ് തനിക്ക് ഇത് പൂര്‍ണ്ണമായും വിശ്വസിക്കാനായതെന്നും ഗില്‍ പറഞ്ഞു.