ഇന്ന് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ സുനിൽ ഛേത്രി ആയിരിക്കില്ല ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക എന്ന് പറഞ്ഞപ്പോൾ ഇന്ത്യ ആരാധകർ ഇത് ക്യാപ്റ്റനെ റൊട്ടേറ്റ് ചെയ്യുന്ന കോൺസ്റ്റന്റൈന്റെ സ്ഥിരം പരിപാടി ആകും എന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ അനുസരിച്ച് ബെംഗളൂരു എഫ് സിയുടെ ഗോൾകീപ്പറായ ഗുർപ്രീത് സന്ധു തന്നെ ആകും ഇന്ത്യയുടെ ഇനിയുള്ള സ്ഥിരം ക്യാപ്റ്റൻ. ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങൾക്കുമുള്ള ക്യാപ്റ്റനായി ഗുർപ്രീതിനെ കോൺസ്റ്റന്റൈൻ നിയമിച്ചിരിക്കുകയാണ്.
തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുന്ന സുനിൽ ഛേത്രി കളിക്കുന്ന അവസാന വലിയ ടൂർണമെന്റ് ആയേക്കാം ഈ ഏഷ്യാ കപ്പ്. അപ്പോഴാണ് ഇത്തരമൊരു തീരുമാനം കോൺസ്റ്റന്റൈൻ എടുത്തിരിക്കുന്നത്. ഇത് ഛേത്രി എന്ന ഇതിഹാസത്തിനെ അപമാനിക്കുന്നത് പോലെയാണ്. വർഷങ്ങളായി ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്ന ഛേത്രിക്ക് ഇന്ത്യയെ നയിക്കാൻ അറിയില്ല എന്ന് ആരും കരുതുന്നുണ്ടാവില്ല.
ഛേത്രിയും കോൺസ്റ്റന്റൈനും തമ്മിലുള്ള സ്വരചേർച്ചയാകാം ഈ തീരുമാനത്തിന്റെ പിറകിൽ എന്ന് കരുതുന്നു. മുമ്പും ഗുർപ്രീത് ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്. ഗുർപ്രീത് ക്യാപ്റ്റനാകാൻ അർഹനാണ് എങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായ ഛേത്രി ഈ പരിചരണം അല്ല അർഹിക്കുന്നത്. ഇന്ന് തായ്ലാന്റിനെതിരെ ആണ് ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം.