വില്യംസിന് ഹാട്രിക്ക്, എ എഫ് സി കപ്പിൽ മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിലേക്ക്

എ എഫ് സി കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം പ്ലേ ഓഫ് മത്സരവും കഴിഞ്ഞ് എ ടി കെ മോഹൻ ബഗാന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു. ഇന്ന് ബംഗ്ലാദേശ് ക്ലബായ അബാനി ധാക്കയെ തോൽപ്പിച്ച് കൊണ്ടാണ് മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നത്‌. ഡേവിഡ് വില്യംസ് ഇന്ന് ബഗാനായി ഹാട്രിക്ക് നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം

ആദ്യ 30 മിനുട്ടിൽ തന്നെ ഡേവിഡ് വില്യംസ് രണ്ട് ഗോളുകൾ നേടി 2-0ന്റെ ലീഡിൽ എത്തിച്ചു. ആറാം മിനുട്ടിലും 30ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. രണ്ടാം പകുതിയിൽ അബാനി തിരിച്ചടിച്ചു. 61ആം മിനുട്ടിൽ കോളിൻഡ്രൈസിലൂടെ അവർ ഒരു ഗോൾ മടക്കി. 85ആം മിനുട്ടിലെ വില്യംസിന്റെ ഗോൾ ബഗാന്റെ ജയം ഉറപ്പിച്ചു.

കഴിഞ്ഞ റൗണ്ടിൽ ബഗാൻ ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാറിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബസുന്ധര കിങ്സ്, മസിയ ക്ലബ്, ഗോകുലം കേരള എന്നിവർക്ക് ഒപ്പമാകും മോഹൻ ബഗാൻ