അർജന്റീന അണ്ടർ 20 ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോലും കാണാതെ പുറത്ത്. അർജന്റീന ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ നൈജീരിയ ആണ് അർജന്റീന യുവനിരയെ തകർത്തത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു നൈജീരിയ വിജയിച്ചത്. നേരത്തെ അണ്ടർ 20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന അർജന്റീന അവസാന ഘട്ടത്തിൽ ടൂർണമെന്റ് ഇന്തോനേഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്.
എന്നാൽ അതും മുതലെടുക്കാൻ അവർക്ക് ആയില്ല. യൂറോപ്പിലെ പല ക്ലബുകളും സീസൺ അവസാനിക്കാത്തതിനാൽ അണ്ടർ 20 ലോകകപ്പിനായി താരങ്ങളെ വിട്ടു കൊടുക്കാത്തതും അർജന്റീനക്ക് തിരിച്ചടിയായി.
നൈജീരിയ അർജന്റീന പോരാട്ടം ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്നു. 61ആം മിനുട്ടിൽ മുഹമ്മദ് അണ് നൈജീരിയക്ക് ലീഡ് നൽകിയത്. അർജന്റീന സമനിലക്ക് വേണ്ടി ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. 90ആം മിനുട്ടിൽ ഹലിരു സാകി നൈജീരിയയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇക്വഡോറും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നൈജീരിയ ക്വാർട്ടർ ഫൈനലിൽ നേരിടുക.