അൻവർ അലിയോട് ഫുട്ബോളിൽ നിന്ന് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ട് എ ഐ എഫ് എഫ്

- Advertisement -

ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലിയെ ഫുട്ബോൾ കളത്തിലേക്ക് തിരികെ വരാൻ എ ഐ എഫ് എഫ് അനുവദിക്കില്ല. താരത്തിന്റെ ജീവന് ഭീഷണിയാകും പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരികെ വരുന്നത് എന്നാണ് എ ഐ എഫ് എഫ് മെഡിക്കൽ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഫുട്ബോളിൽ നിന്ന് വിട്ടു നിന്ന അൻവർ അലി ഇപ്പോൾ മൊഹമ്മദൻസുമായി കരാറിൽ എത്തിയിരുന്നു.

എന്നാൽ അൻവർ അലൊയുടെ മെഡിക്കൽ ഫയലുകൾ നന്നായി പഠിച്ച ആരോഗ്യ വിദഗ്ദ്ധർ പ്രൊഫഷണൽ ഫുട്ബോളിൽ കളിക്കുന്നത് താരത്തിന്റെ ജീവന് തന്നെ ഭീഷണി ആയിരിക്കും എന്നാണ് വിലയിരുത്തുന്നത്. അവസാന സീസണിൽ ഇന്ത്യൻ ക്യാമ്പിൽ നടന്ന പരിശോധനയ്ക്ക് ഇടയിൽ ആയിരുന്നു അൻവറിന്റെ ആരോഗ്യ പ്രശ്നം തിരിച്ചറിഞ്ഞത്.

20കാരനായ താരം ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ താരമായിരുന്നു. മുംബൈ രോഗ വിവരത്തിന് ശേഷം താരത്തിന്റെ കരാർ റദ്ദാക്കിയിരുന്നു. ഇപ്പോൾ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിലൂടെയാണ് അൻവർ അലി തിരികെയെത്താൻ ശ്രമിച്ചത്. അൻവർ അലി മൊഹമ്മദൻസുമായി താൽക്കാലിക കരാർ ഒപ്പുവെച്ചത് തന്നെ വലിയ വാർത്ത ആയിരുന്നു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്ന താരമാണ് അൻവർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളുമായിരുന്നു അൻവർ.

റെക്കോർഡ് തുകയ്ക്കായിരുന്നു അൻവർ അലിയെ മുംബൈ സിറ്റി ഒരു സീസൺ മുമ്പ് സ്വന്തമാക്കയിരുന്നത്. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. രണ്ട് ഐലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു. എന്തായാലും താരത്തിന്റെ ജീവനാണ് വലുത് എന്ന ഉപദേശമാണ് ഫുട്ബോൾ ലോകത്ത് ഉള്ള എല്ലാവരും താരത്തിന് ഇപ്പോൾ നൽകുന്നത്‌

Advertisement