ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് 2025-ൽ നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ് വിജയത്തോടെ തുടക്കമിട്ടു. മൊറോക്കോയിലെ സ്റ്റേഡ് ഡി മാരാക്കേഷിൽ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ മൊസാംബിക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റ് പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോയാണ് ഐവറി കോസ്റ്റിനായി വിജയഗോൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ മൊസാംബിക് പ്രതിരോധം കടുപ്പിച്ചതോടെ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.

എന്നാൽ രണ്ടാം പകുതി ആരംഭിച്ച് നാലാം മിനിറ്റിൽ (49-ാം മിനിറ്റ്) നായകൻ ഫ്രാങ്ക് കെസിയുടെ ഹെഡർ പാസ്സിൽ നിന്നും ദിയാലോ പന്ത് വലയിലെത്തിച്ചു.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഐവറി കോസ്റ്റിന് കൂടുതൽ ഗോളുകൾ നേടാൻ അവസരമുണ്ടായിരുന്നെങ്കിലും മൊസാംബിക് ഗോൾകീപ്പർ എർനാന്റെ മികച്ച പ്രകടനം സ്കോർ നില ഉയരുന്നത് തടഞ്ഞു. വിൽഫ്രഡ് സാഹ ഏറെക്കാലത്തിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്.
വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ഐവറി കോസ്റ്റ് ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തി. കഴിഞ്ഞ 14 ആഫ്രിക്ക കപ്പ് ഓപ്പണിംഗ് മത്സരങ്ങളിലും തോൽവിയറിയാതെ മുന്നേറുന്ന ഐവറി കോസ്റ്റ്, ഇത്തവണ കിരീടം നിലനിർത്താനുള്ള തങ്ങളുടെ പോരാട്ടം ശക്തമായി തുടങ്ങിയിരിക്കുകയാണ്.
ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഞായറാഴ്ച കരുത്തരായ കാമറൂണുമായി ഐവറി കോസ്റ്റ് ഏറ്റുമുട്ടും.









