അലക്സ് ഫെർഗൂസന്റെ യുണൈറ്റഡ് വീണ്ടും കളിച്ചു, മിന്നിതിളങ്ങി ബെക്കാമും 99ലെ നിരയും!

- Advertisement -

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഒരു നല്ല ഫുട്ബോൾ മത്സരം കാണാൻ കഴിഞ്ഞു. കളിച്ച വിരമിച്ച താരങ്ങളാണെങ്കിലും കണ്ടത് ഇപ്പോൾ കളിക്കുന്ന യുണൈറ്റഡിനേക്കാൾ നല്ല ഫുട്ബോൾ. പഴയ പരിശീലകൻ സർ അലക്സ് വരേണ്ടി വന്നു യുണൈറ്റഡ് ഇങ്ങനെ വീണ്ടും കളിക്കാൻ. ഇന്ന് 1999ലെ ട്രെബിൾ കിരീടത്തിന്റെ ഓർമ്മയിൽ നടന്ന കളിയാണ് ആരാധകർക്ക് സന്തോഷം തിരികെ നൽകിയത്.

1999ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ ടീമുകൾ ആണ് ഇന്ന് വീണ്ടും ഏറ്റുമുട്ടിയത്. 20 വർഷം കഴിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് തന്നെ. അന്ന് 2-1ന്റെ വിജയമായിരു‌ന്നു എങ്കിൽ ഇന്ന് 5-0ന്റെ ഏകപക്ഷീയ വിജയം. ചടുല നീക്കങ്ങളും വൻ പാസുകളും ക്രോസുകളുമൊക്കെയായി ഇന്ന് താരമായത് ബെക്കാം ആയിരുന്നു‌ ഒരു ഗോളും ബെക്കാമിന് നേടാനായി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പരിശീലകൻ സോൾഷ്യാർ, യൂത്ത് ടീമിന്റെ ഇപ്പോഴത്തെ പരിശീലകനും പഴയ യുണൈറ്റഡ് മിഡ്ഫീൽഡറുമായ നിക്കി ബട്ട്, ഫ്രഞ്ച് താരം സാഹ, യോർക്ക് എന്നിവരൊക്കെയാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വല കുലുക്കിയത്.

സ്റ്റാം, സ്കോൾസ് എന്നിവരും ഇന്ന് കയ്യടി വാങ്ങി. ഫിൽ നെവിൽ, പീറ്റർ ഷീമൈക്കിൾ തുടങ്ങി പഴയ പ്രമുഖരൊക്കെ ഇന്ന് കളത്തിൽ ഇറങ്ങിയിരു‌ന്നു.

Advertisement