അനസ് എടത്തൊടികയുടെ കുഞ്ഞാക്ക അജ്മൽ മാസ്റ്റർക്ക് മറക്കാനാകാത്ത സഹപാഠിയും സുഹൃത്തും

- Advertisement -

(ഇന്ത്യൻ ഫുട്ബോളിലെ ഉരുക്ക് മനുഷ്യൻ അനസ് എടത്തൊടിക കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു പരിപാടിയിൽ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും കഷ്ടതകളെ കുറിച്ച് പരാമർശിയ്ക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ സംഭവം സോഷ്യൽ മീഡിയകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും വൈറലായ സാഹചര്യത്തിൽ,ഫാൻ പോർട്ട് അനസിന്റെ ഭൂമി ശാസ്ത്രാധ്യാപകനും ഫുട്ബോൾ കരിയറിലെ ആദ്യ പരിശീലകനുമായിരുന്ന അജ്മൽ സി.ടിയോട് വിദ്യാർത്ഥിയായിരുന്ന അനസ് എടത്തൊടികയെക്കുറിച്ച് ആരാഞ്ഞപ്പോൾ അദ്ദേഹം നൽകിയ വിശദമായ മറുപടി)

കായിക കേരളത്തിൽ സർവ്വരുടെയും സ്നേഹത്തിനും പ്രശംസയ്ക്കും പാത്രമായി മാറിയ എന്റെ പ്രിയ വിദ്യാർത്ഥി അനസ് എടത്തൊടികയുടെ ജ്യേഷ്ടൻ അശ്റഫ് എടത്തൊടികയുടെ പൊടുന്നനെയുണ്ടായ രോഗവസ്ഥയും തുടർന്നുണ്ടായ പ്രയാസങ്ങളും അനസിനെ സ്കൂൾ ജീവിതത്തിൽ വല്ലാതെ അലട്ടിയിരുന്നു. ഞങ്ങളുടെ ഹൈസ്ക്കൂൾ പഠന കാലത്ത് ഒമ്പത്, പത്ത് ക്ലാസ്സുകളിൽ (90-92) അശ്റഫും ഞാനും ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ തൊട്ടുരുമ്മിയിരുന്ന സഹപാഠികളും ഉറ്റവരിൽ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.

ഹൈസ്കൂൾ പഠന കാലം കഴിഞ്ഞ് ഒരു ദരിദ്ര കുടുംബത്തിന്റെ അത്താണിയും ആശ്രയവുമായി മാറിക്കൊണ്ടിരുന്ന അശ്റഫ് പൊടുന്നനെ ഒരു ദിവസം രക്താർബുദ്ധ ബാധിതനാണെന്ന് ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം RCC യിലെ ദീർഘ കാലത്തെ ചികിത്സയാൽ, അവരുടെ സ്നേഹ നിധിയായ ഉമ്മയുടെ പ്രാർത്ഥനകളാൽ സർവ്വോപരി സർവ്വ ശക്തനായ ദൈവത്തിന്റെ കൃപയാൽ അസുഖം ഒരു വിധം നിയന്ത്രണ വിധേയമായപ്പോൾ ഒരു ഉപജീവനോപാധി എന്നതിന് കൊണ്ടോട്ടിയിലെ പഴയ റിലീഫ് ഹോസ്പ്പിറ്റലിനകത്തെ MSS എന്ന സാംസ്ക്കാരിക സംഘടനയുടെ ടെലഫോൺ ബൂത്ത് ഓപ്പറേറ്ററായി അശ്റഫ് ജോലി നോക്കാനാരംഭിച്ചു. ഞാനടക്കമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പലർക്കും അക്കാലം പ്രീ-ഡിഗ്രിയും, ഡിഗ്രിയും, പി.ജിയും ഒക്കെയായി മധുരിയ്ക്കുന്ന കോളജ് ജീവിതത്തിന്റേതായിരുന്നു. എങ്കിലും കൊണ്ടോട്ടി ടൗണിൽ എപ്പോൾ ഫ്രീ ആയുണ്ടായാലും അശ്റഫിനെ റിലീഫ് ഹോസ്പ്പിറ്റലിലെ ടെലഫോൺ ബൂത്തിൽ ചെന്ന് കാണും കൂടെ ഇരുന്ന് ഒരു പാട് സംസാരിയ്ക്കും ഒരു ചായ വരുത്തി കുടിയ്ക്കും അല്ലങ്കിൽ പുറത്തു പോയി കുടിയ്ക്കും.

RCC യിലെ തുടർ ചികിത്സകളിലൂടെ രോഗം സുഖപ്പെട്ടെന്നുറപ്പായപ്പോൾ അശ്റഫ് വിവാഹിതനമായി. ടെലഫോൺ ബൂത്തിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ പണം ജീവിയ്ക്കാൻ ഒട്ടും തികയാതെ വന്നപ്പോൾ 2000-2002 കാലഘട്ടത്തിൽ ഓട്ടോ -ടാക്സി ഓടിച്ചു തുടങ്ങി അങ്ങിനെ ബസ്സിലും ലോറിയിലുമൊക്കെ ഡ്രൈവറായിരുന്ന ഉപ്പ മുഹമ്മദിന്റെയും അശ്‌റഫിന്റെ വരുമാനവും കൊണ്ട് അനസിന്റെ സ്കൂൾ വിദ്യാഭ്യാസമടക്കം ജീവിത ചിലവുകൾ നികത്തി ജീവിതം ഒരു വിധം മുന്നോട്ട് പോകുന്ന കാലം.

അശ്റഫിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന ഞാൻ ബി.എഡ് പൂർത്തിയാക്കി ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു പഠിച്ച അതേ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതും ഇക്കാലത്ത് തന്നെ.

കൊണ്ടോട്ടിൽ നിന്നും പത്ത് കിലോമീറ്റർ അകലെ താമസിയ്ക്കുന്ന ഞാൻ പല ദിവസങ്ങളിലും സന്ധ്യാ സമയം കൊണ്ടോട്ടി ബസ്സ് സ്റ്റാന്റിനടുത്ത ഓട്ടോ സ്റ്റാന്റിൽ വച്ച് അശ്റഫിനെ കണ്ടുമുട്ടുന്നത് പതിവായിരുന്നു. കുറെ സമയം അദ്ദേഹത്തിന്റെ ഓട്ടോ റിക്ഷയിൽ കയറി പഴയതും പുതിയതുമായ ജീവിതാനുഭവങ്ങൾ സംസാരിച്ചിരിക്കും. അന്ന് ഞാൻ അധ്യാപകനായിരുന്നു എന്നല്ലാതെ എന്റെ അധ്യാപക വൃത്തിയ്ക്ക് ഗവൺമെന്റിന്റെ അഗീകാരം ലഭിയ്ക്കാത്തതിൽ വലിയ മനപ്രയാസം അനുഭവിയ്ക്കുന്ന ഒരു കാലം കൂടിയായിരുന്നത്. എന്നാൽ അശ്റഫിന്റെ ശാരീരികവും മാനസികവും സാമ്പത്തികവുമായ വലിയ കഷ്ടപാടുകൾക്കിടയിൽ എന്റെ പ്രയാസങ്ങളൊന്നും ഒന്നുമല്ലായിരുന്നു.

ആഴ്ച്ചയിൽ ഒരിക്കലെങ്കിലും അശ്റഫ് എന്നോട് “നിന്റെ ജോലിയുടെ കടലാസുകളൊക്കെ നീങ്ങിയോ, കാര്യങ്ങളൊക്കെ ശരിയായോ” എന്ന് അന്വേഷിയ്ക്കുമായിരുന്നു.

2001 ആഗസ്റ്റ് 1ന് ജോലിയിൽ പ്രവേശിച്ചിരുന്ന എന്റെ നിയമനത്തിന് ഗവൺമെന്റിന്റെ അംഗീകാരം കിട്ടി ശംബളം ലഭിച്ചു തുടങ്ങിയത് 2004 ഡിസംബർ മാസത്തോടെ മാത്രമായിരുന്നു.
എന്റെ ചിലവുകളൊക്കെ തൽക്കാലം വീട്ടിൽ നിന്നുള്ള സഹായത്താൽ നടന്നു പോയിരുന്നു; എങ്കിലും നാല് വർഷത്തോളമായി ചെയ്യുന്ന ജോലിക്ക് വേതനം ലഭിയ്ക്കാത്തതിന്റെ ഒരു വല്ലാത്ത പ്രയാസം എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ അതിന്റെയൊക്കെ നൂറ് മടങ്ങ് ബുദ്ധിമുട്ടുകൾ സഹിച്ച് ഒരു കുടുംബത്തെ ചുമലിലേറ്റുന്ന എന്റെ പ്രിയ സുഹൃത്ത് എനിയ്ക്ക് നൽകിയിരുന്ന ആശ്വാസ വാക്കുകൾ ഓർക്കുമ്പോൾ എനിയ്ക്ക് ഇന്നും അത് അത്ഭുതമായി തോന്നുന്നു.

“നീ എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്ക്യാ എന്നിട്ടാണോ നിന്റെത്….. അതൊക്കെ വിട്, എല്ലാം കുറച്ച് കഴിയുമ്പോൾ റെഡിയായിക്കോളും അജ്മലേ”

ഒരു സാമൂഹ്യ ശാസ്ത്രാധ്യാപകനായിരുന്ന ഞാൻ അതുവരെ ഒരു ഫുട്ബോൾ ടീം ഉണ്ടായിട്ടില്ലാത്ത ഞങ്ങളുടെ സ്കൂളിൽ ആദ്യമായിട്ടൊരു ഫുട്ബോൾ ടീം രൂപീകരിയ്ക്കാനുള്ള താൽപ്പര്യവുമായി നടക്കുന്ന സമയത്താണ് 2002ലെ സ്കൂൾ ആന്വൽ സ്പോർട്സിനോടനുബന്ധിച്ച് ഒരു പ്രഹസനമായി മാത്രം നടക്കുന്ന ഹൗസ് ഫുട്ബോളിൽ യെല്ലോ ഹൗസിന്റെ ഗോൾ പോസ്റ്റിൽ കൈകളിലൊതുക്കേണ്ടതിന് പകരം വരുന്ന പന്തുകൾ മുഴുവൻ കാലുകൾ കൊണ്ട് തൊഴിച്ചകറ്റുന്ന പച്ചക്കരയുള്ള വെള്ള മുണ്ട് മടക്കി കുത്തിയ ഒമ്പതാം ക്ലാസ്സുകാരൻ വെളു വെളുത്ത കൊച്ചു കുട്ടി, അനസിനെ കാണുന്നത്; അനസിനെ ഞാൻ സ്കൂളിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയതും അന്നാണ്, കളി കഴിഞ്ഞ് അടുത്ത് വിളിച്ച് പരിചയപ്പെട്ടപ്പോഴാണ് ശബ്ദത്തിൽ നിന്ന് ഇത് എന്റെ പ്രിയ സുഹൃത്ത് അശ്റഫിന്റെ അനുജനാകും എന്നുറപ്പിച്ച് മുണ്ടപ്പലത്താണോ വീട് എന്ന് ചോദിച്ചത്. അതെ എന്ന് പറഞ്ഞപ്പോൾ അശ്റഫിന്റെ അനുജനാണോ എന്ന അടുത്ത ചോദ്യത്തിനും അതേ എന്ന മറുപടി കിട്ടി.
(ഞാനും അശ്റഫും വലിയ സുഹൃത്തുക്കളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണം വരെ ഞങ്ങൾ ഞങ്ങളുടെ വീടുകൾ പരസ്പരം സന്ദർശിക്കുകയോ കുടുംബാംഗങ്ങൾ നേരിട്ട് പരിചയപ്പെടുകയോ ചെയ്തിരുന്നില്ല എന്നത് യാദൃശ്ചികം.

അത് പോലെ ഓരോ ഡിവിഷനുകളിലും 60-65 വിദ്യാർത്ഥികൾ വീതമുള്ള രണ്ടായിരത്തോളം കുട്ടികൾ പഠിയ്ക്കുന്ന ആ എയ്ഡഡ് സ്കൂളിൽ അനസ് എട്ട്, ഒമ്പത് ക്ലാസ്സുകളിലാകുമ്പോൾ ജ്യോഗ്രഫിയോ, ഹിസ്റ്ററിയോ പഠിപ്പിയ്ക്കാൻ എനിയ്ക്ക് ടൈം ടേബിൾ ലഭിച്ചിരുന്നില്ല എന്നതും അനസിനെ അന്ന് വരെ സ്കൂളിൽ വച്ച് കണ്ടു മുട്ടാനോ പരിചയപ്പെടാനോ ഇടവരാഞ്ഞതിന് യാദൃശ്ചിക കാരണ മായിരുന്നു…..)

അങ്ങിനെ അന്ന് സന്ധ്യയ്ക്കും അശ്‌റഫിനെ കൊണ്ടോട്ടിയിൽ വച്ചു കണ്ടു; അവന്റെ അനുജനെ കണ്ടു മുട്ടിയ വിവരവും ആ ഒരു രംഗവും രസകരമായി അശ്റഫിനോട് ഞാൻ വിവരിച്ചു. “ക്രിക്കറ്റാണ് എനിയ്ക്ക് താൽപ്പര്യം വിക്കറ്റ് കീപ്പിങും ബാറ്റിംങുമാണ് എനിയ്ക്ക് ഇഷ്ടം അത് കൊണ്ടാണ് ഹൗസ് ക്യാപ്റ്റൻ എന്നെ പന്ത് കളിയ്ക്ക് ഗോളിയാക്കിയത്”. ഇതാണ് നിന്റെ അനുജൻ എന്നോട് പറഞ്ഞിട്ടുള്ളത്. അവനെ നമുക്ക് ശരിയ്ക്കും പന്ത് കളിയിലേക്ക് തന്നെ തിരിച്ചു വിട്ടാലോ, ഇവിടെ നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് മലപ്പുറത്ത് തൽക്കാലം ക്രിക്കറ്റ് കളിച്ചത് കൊണ്ട് നിലവിലെ സാഹചര്യത്തിൽ വലിയ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല, ഞാനാണെങ്കിൽ നമ്മുടെ സ്കൂളിൽ ഒരു ഫുട്ബോൾ കോച്ചിംഗ്‌ ക്യാമ്പ് തുടങ്ങുന്നുമുണ്ട് എന്നും പറഞ്ഞപ്പോൾ അശ്റഫ് പറഞ്ഞതിങ്ങിനെ “ഞാൻ അവനോട് എപ്പോഴും പറയാറുണ്ട് പന്ത് കളിച്ചാൽ മതി എന്ന്, പക്ഷേ എന്റെ ഉമ്മാക്ക് വലിയ പേടിയാണ്, പന്ത് കളിപ്പിച്ചാൽ അവന് പരിക്ക് പറ്റും എന്നാണ് ഉമ്മ പറയുക, അതിന് നമ്മൾ പറഞ്ഞിട്ടും കാര്യമില്ല എന്റെ കാര്യം തന്നെ ഇങ്ങിനെയൊക്കെയല്ലേ. എന്നതായിരിയ്ക്കും ഉമ്മാന്റെ പേടിയ്ക്ക് പ്രധാന കാരണം അജ്മലേ; ഏതായാലും നീ അവനെ കളിപ്പിച്ച് നല്ല പന്ത് കളിയ്ക്കാരനാക്കാൻ പറ്റുമോ എന്നൊന്ന് നോക്ക് ഞാൻ ഉമ്മയോട് ഇന്ന് തന്നെ ചെന്ന് പറഞ്ഞ് സമ്മതിയ്പ്പിയ്ക്കാൻ നോക്കാം”..

ആ സ്നേഹ നിധിയായ ഉമ്മയുടെയും ഇക്കാക്കയുടെയും ആശീർവാദവും സമ്മതവുമായിട്ടായിരിയ്ക്കാം ഒമ്പതാം ക്ലാസ്സുകാരനായ അനസിനെ പിറ്റേ ദിവസം തന്നെ വൈകിട്ട് 4.30ന് രണ്ട് കാലിൽ രണ്ട് ബ്രാന്റുകളുടെ രണ്ട് നിറത്തിലുള്ള ആരോ ഒഴിവാക്കിയത് എന്ന് തോന്നിപ്പിയ്ക്കുന്ന ദ്രവിച്ചു തുടങ്ങിയ ഒരു ജോഡി സെക്കൻഹാന്റ് ബൂട്ട് ധരിച്ചു കൊണ്ടെങ്കിലും എന്റെ മുന്നിൽ ഫാൾ – ഇൻ ആയി നിൽക്കുന്ന വരിയിൽ നിൽക്കാൻ ഇടവരുത്തിയിട്ടുണ്ടാകുക എന്നാണ് ഞാനിന്നും വിശ്വസിയ്ക്കുന്നത്; കാരണം ആ ഒരു പൊരുത്തവും കുരുത്തവും ആ കളിയിൽ ഞാൻ അന്നും ഇന്നും ദർശിയ്ക്കുന്നു.
അനസിന് അവന്റെ കുഞ്ഞാക്ക (അശ്റഫ്) ജീവനായിരുന്നു.

അങ്ങിനെ ഒരോ ദിവസവും അനസിന്റെ ഓരോ ചലനങ്ങളും ഞങ്ങൾ ഇരുവരും കൊണ്ടോടിയിലെ സന്ധ്യാ കൂടി കാഴ്ച്ചകളിൽ ചർച്ച ചെയ്യും.
പത്താം ക്ലാസ്സിൽ ഞാൻ ഭൂമി ശാസ്ത്രം പഠിപ്പിയ്ക്കാൻ നിയോഗിതനായ ഡിവിഷനിൽ(10E) അവനും ഉണ്ടായിരുന്നു.
അങ്ങിനെ ക്ലാസ്സിലും ഗ്രൗണ്ടിലും എന്റെ തല്ലും തലോടലും അവൻ നന്നായി അനുഭവിച്ചിട്ടുണ്ട് എന്നാണോർമ്മ അനുസരണയും നല്ല ബഹുമാനവും ഗുരുഭക്തിയും ഉള്ള കുട്ടിയായിരുന്നു അനസ്.

പഠനത്തിന്റെ കാര്യത്തിൽ ശരാശരിക്കാരനായിരുന്നെങ്കിൽ ഗ്രൗണ്ടിൽ ഒരോ ദിവസവും വച്ചടി വച്ചടി മിടു മിടുക്കനായിക്കൊണ്ടേയിരുന്നു. നിത്യേന ഉയരങ്ങളിലേക്കായിരുന്നു അവന്റെ കളിയുടെഗ്രാഫ്. എല്ലാ പൊസിഷനുകളിലും കളിയ്ക്കാൻ ഫിറ്റ്.!!! ഒരു ദിവസം പോലും പരിശീലനം മിസ്സ് ചെയ്യില്ല. ക്യാമ്പ് ഒഴിവ് ദിവസങ്ങളിലോ വെക്കേഷനുകളിലോ ആയാലും സ്കൂൾ ഗ്രൗണ്ട് വിട്ട് കുറച്ച് അകലെയുള്ള ഇ.എം.ഇ.എ കോളജ് ഗ്രൗണ്ടിൽ വച്ചായാലും, കല്യാണമോ മറ്റു വിശേശങ്ങളോ ഒന്നും അവന് ബാധകമായിരുന്നില്ല കൃത്യ സമയത്ത് വൃത്തിയിലും വെടിപ്പിലും ആദ്യം ഗ്രൗണ്ടിൽ അവനെത്തും.

അനസ് ഒമ്പതിലാകുമ്പോൾ തുടങ്ങിയ കോച്ചിംഗ് ക്യാമ്പിലെ കുട്ടികളിൽ നിന്ന് തന്നെ സ്കൂളിന്റെ ആദ്യത്തെ ഫുട്ബോൾ ടീം രൂപീകരിച്ചതും; വണ്ടൂരിനടുത്ത തിരുവാലി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലാ U-17 സ്കൂൾ ടീം സെലക്ഷനിൽ അവനെ പങ്കെടുപ്പിച്ചതും. അന്ന് അവനും ഇന്ന് ഇന്ത്യൻ റയിൽവേയുടെ ഗോൾ കീപ്പറായ ജസീർ മുഹമ്മദും നായി കളിച്ചിരുന്നിട്ടും അനസ് റിസർവ്വിലായിരുന്നു, ജസീർ എവിടെയും വന്നതുമില്ല.

ഞങ്ങളുടെ സ്കൂളിൽ നിന്ന് ടീമിൽ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെ ക്യാമ്പിലെത്തിയ്ക്കാൻ കൂടെ ഞാൻ പോകുമ്പോൾ എനിയ്ക്ക് അവരെയ്ക്കാൾ ഏറെ പ്രതീക്ഷയുണ്ടായിരുന്ന അനസിനെയും കിറ്റെടുത്ത് കൂടെ കൂട്ടും അങ്ങിനെ വിദ്യാഭ്യാസ ജില്ലാ ടീം ക്യാമ്പിന്റെ അവസാന ദിവസം വണ്ടൂർ വി.എം.സി. ഹയർ സെക്കന്ററിയിലെ ഒരു കുട്ടി പരിക്ക് കാരണം ക്യാമ്പിലെത്താതെയിരുന്ന ഒഴിവിലേക്ക് അന്ന് DSGA സെക്രട്ടറിയായിരുന്ന നിലമ്പൂർ മാനവേദൻ ഹയർ സെക്കന്ററി സ്കൂളിലെ PET ശ്രീ.അർജ്ജുൻ ദാസ് മാസ്റ്റർ(അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) മറ്റു സെലക്ടർമാരുടെ എതിർപ്പ് വകവെയ്ക്കാതെ എന്നും ക്യാമ്പ് നടക്കുന്ന ഗ്രൗണ്ടിൽ തന്റെ അധ്യാപകനൊന്നിച്ച് വന്നിരിയ്ക്കുന്ന അച്ചടക്കം ഉള്ള കുട്ടി എന്ന നിലയ്ക്ക് അവസാന റിസർവ്വായിരുന്നിട്ടും തിരുവാലിയിലെ ഗ്രൗണ്ടിന് പുറത്ത് അന്നും എന്റെ കൂടെ വന്നിരുന്ന അനസിനോട് ബൂട്ടു കെട്ടിയിറങ്ങാൻ ആവശ്യപ്പെട്ടു. അങ്ങനെ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ടീമിന് വേണ്ടി തിരൂർ വിദ്യാഭ്യാസ ജില്ലക്കെതിരെ തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളജ് ഗ്രൗണ്ടിൽ ഫസ്റ്റ് ഇലവനിൽ നന്നായി കളിച്ച് മലപ്പുറത്തെ വിജയിപ്പിച്ചതിൽ മുഖ്യ പങ്ക് വഹിച്ചിട്ടും സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പിന് കണ്ണൂരിലേക്ക് കൊണ്ടുപോയ മലപ്പുറം റവന്യൂ ജില്ലാ ടീമിൽ അനസ് വീണ്ടും തഴയപ്പെട്ടതും എല്ലാമായി പല പല വിഷയങ്ങൾ എന്റെയും അനസിന്റെ കുഞ്ഞാക്ക അശ്റഫിന്റെയും പന്തു കളി ചർച്ചകളിലെ പ്രതിപാദ്യങ്ങളായിരിയ്ക്കും.

അങ്ങിനെ 2004ൽ എന്നാണ് ഓർമ്മ അശ്റഫിനെ കുറെയേറെ വിട്ടു മാറിപ്പോയിരുന്ന ആ വലിയ രോഗം തിരിച്ചു വന്നതും ഉമ്മയും ഉപ്പയും കഷ്ടപ്പെട്ട് ചികിത്സ നടത്തി നോക്കിയിട്ടും ഫലം കാണാതെ 2005ൽ മരണം സംഭവിച്ചതും.

അപ്പോഴേക്കും കുടുംബത്തിലെ ഇളയ കുട്ടിയായിരുന്ന അനസ് +2 വിദ്യാർത്ഥിയായിട്ടുണ്ടായിരുന്നു.

അനസിന്റെ മാതാ പിതാക്കൾക്ക് മുതിർന്ന സന്താനമായിരുന്ന അശ്റഫിന്റെയും ഏറ്റവും ഇളയ സന്തതിയായ അനസിന്റെയും ഇടയിൽ കല്യാണം കഴിച്ചയച്ച രണ്ട് പെൺമക്കളായിരുന്നു.

പത്തിൽ പഠിയ്ക്കുമ്പോൾ തന്നെ മലപ്പുറം ജില്ലാ ലീഗ് ഫുട്ബോളിൽ കളിയ്പ്പിയ്ക്കാൻ ഞാൻ ധൈര്യം കാണിച്ച അനസിന്റെ കളി അന്ന്
സ്കൂൾസ് സ്റ്റാന്റേർഡ് വച്ച് നോക്കുമ്പോൾ എത്രയോ മികച്ചതായിരുന്നിട്ട് പോലും 2004 ൽ അനസ്+1ന് പഠിയ്ക്കുമ്പോഴത്തെ മലപ്പുറം വിദ്യാഭ്യാസ ജില്ലാ U-19 സ്കൂൾ ടീമിൽ പോലും അവൻ തഴയപ്പെട്ടിരുന്നു. എന്നാൽ അശ്റഫിന്റെ മരണ ശേഷം 2005 ൽ അനസ് +2 ക്ലാസ്സിലാകുമ്പോൾ അനസിന് ആദ്യമായി സംസ്ഥാന സ്കൂൾ ഗെയിംസിനുള്ള മലപ്പുറം റവന്യൂ ജില്ലാ U-19 സ്കൂൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഏഴ് ജില്ലാ ടീമുകൾ പങ്കെടുത്ത സോണൽ ടൂർണ്ണമെന്റിൽ അനസിന് കളിയക്കാൻ അവസരം കൊടുത്തത് ലൂസേഴ്സ് ഫൈനലിൽ കോഴിക്കോടിനോട് മൂന്ന് ഗോളിന് പിന്നിട്ട് നിന്ന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനാകില്ല എന്നുറപ്പായി നിൽക്കുന്ന അവസരത്തിൽ അവസാന അഞ്ച് മിനുട്ട് മാത്രം.

അന്ന് അനസ് കൊണ്ടോട്ടിയിലേക്ക് മടങ്ങിയത് കളി കാണാൻ അവിടെയെത്തിയിരുന്ന എന്റെ കൂടെയായിരുന്നു എന്റെ ബൈക്കിൽ തിരിച്ചു വരുന്ന വഴിയിൽ പിന്നിലിരുന്ന് അതിന് രണ്ട് മാസം മുമ്പ് അവനെ വിട്ടു പിരിഞ്ഞ ജ്യേഷ്ടനെ കുറിച്ചു പറഞ്ഞും മലപ്പുറം ജില്ലാ സ്കൂൾ ടീമിൽ കാര്യമായി കളിയ്ക്കാൻ സമയം ലഭിച്ചിരുന്നെങ്കിൽ സ്റ്റേറ്റ് ടീമിൽ കിട്ടുമായിരുന്നു സാർ. എന്നു പറഞ്ഞും അവൻ വിതുമ്പിയിരുന്നു. ഒന്നാമത് പറഞ്ഞ സങ്കടത്തിന് അവനെ ആശ്വസിപ്പിയ്ക്കാൻ ഞാൻ അശക്തനായിരുന്നെങ്കിലും. അവന്റെ രണ്ടാമത്തെ സങ്കടത്തിന് എന്റടുത്ത് ആത്മ വിശ്വാസമുള്ള ആശ്വാസ വാക്കുകളുണ്ടായിരുന്നു.

“ഇന്ന് ഈ ടീമിൽ കളിച്ച എല്ലാവരും നല്ല കളിയ്ക്കാരായിരിയ്ക്കാം എന്നാൽ അവർ എല്ലാവരെക്കാളും ഉയർന്ന തലത്തിൽ കളിയ്ക്കാൻ നിനക്ക് തീർത്തും യോഗ്യതയുണ്ട് എന്നെനിയ്ക്കറിയാം അത് നീ ഭാവിയിൽ തെളിയ്ക്കപ്പെടണം, നിരാശപ്പെടുതിന് പകരം അതിന് വേണ്ടി പരിശ്രമിയ്ക്കുകയാണ് വേണ്ടത്” എന്നതായിരുന്നു അവന്റെ നിരാശയകറ്റാൻ ഞാൻ പറഞ്ഞ കാര്യം.

ഇതവനിൽ വലിയ പ്രതീക്ഷകളും ആത്മ വിശ്വാസവും ഉണ്ടാക്കിയിട്ടുണ്ടാകാം എന്ന് അവന്റ പിൽക്കാല പ്രകടനത്തിൽ നിന്ന് ഞാൻ ഉറച്ചു വിശ്വസിയ്ക്കുന്നു.

പിന്നീട് കുറച്ച് സെവൻസും, ഓട്ടോ ഓടിക്കലുമൊക്കെയായാണ് അനസ് പഠനത്തിനും മറ്റാവശ്യങ്ങൾക്കും പണം കണ്ടെത്തിയിരുന്നത്. അനസ് ഓട്ടോ ഓടിച്ച് കാഷുണ്ടാക്കുന്നത് വേണ്ടാ എന്ന് പറയാൻ എനിയ്ക്ക് ശക്തിയില്ലായിരുന്നെങ്കിലും അവനോട്
രാത്രി ഓട്ടോ ഒടിച്ച് ഉറക്കം കളയരുത് എന്ന് ഞാൻ പറയാറുണ്ടായിരുന്നു.‌അത് പോലെ സെവൻസ് വേണ്ടാ എന്ന് പറഞ്ഞിരുന്നില്ല ലിമിറ്റ് ചെയ്തേ പാടുള്ളൂ എന്നു ഉപദേശിയ്ക്കുമായിരുന്നു. ഇത് രണ്ടും അക്ഷരം പ്രതി അവൻ അനുസരിച്ചിരുന്നു താനും. സ്കൂൾ ജീവിതത്തിന്റെ അവസാന നാളുകളിൽ ഞാനവനെ പലപ്പോഴും സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തി ഇന്ത്യയിലെ പേരുകേട്ട മൈതാനങ്ങളായ
സാൾട്ട്ലേക്കും, കുപ്പറേജും, ഫറ്റോർഡയും ഇന്ത്യൻ ജേർസിയും ഒക്കെയായിരിയ്ക്കണം ഇനിയങ്ങോട്ട് പ്രാക്ടീസ് ചെയ്യുമ്പോഴത്തെ ചിന്തകളും കാണേണ്ട സ്വപ്നങ്ങളും എന്ന് പറയുമായിരുന്നു.

മഞ്ചേരി എൻ.എസ്.എസ്. കോളജിലെ ഒന്നാം വർഷ ഡിഗ്രി പഠന കാലത്ത് തന്നെ അവൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോളിൽ ചാമ്പ്യനായി, കേരളത്തിന്റെ യൂത്ത് ടീമിലെത്തി കേരളത്തിന് പുറത്ത് മധുരയിലും ഗുവാഹട്ടിയിലും കളിയ്ക്കുകയും ചെയ്തു;‌എന്നും അനസിനു ഉമ്മ തന്നെയായിരുന്നു ഏത് കാര്യത്തിലും പ്രധാന വഴികാട്ടിയും, അത്താണിയും.

ആയിടെ അനസിന്റെ ചില കൗമാര കുസൃതികൾക്ക് പരിഹാരമുണ്ടാക്കാൻ അവർ എന്നെയും സമീപിച്ചിട്ടുണ്ടായിരുന്നു. ഇന്ന് രോഗിയി മാറിയ അവർ അന്ന് എന്നോട് മകനെ കുറിച്ച് പ്രകടിപ്പിച്ച പ്രതീക്ഷകൾ ഓർക്കുമ്പോൾ മനസ്സിലാകുന്നത് കടുത്ത പ്രയാസങ്ങൾക്കിടയിൽ പോലും മക്കളുടെ ഓരോ ചെറുതും വലുതുമായ കാര്യങ്ങക്ക് അപ്പപ്പോൾ വേണ്ടത് ചെയ്യാൻ അവർ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു എന്നതാണ്. അത് അവരുടെ ഇന്നത്തെ രോഗാവസ്ഥയിൽ പോലും അങ്ങിനെ തന്നെയായിരിക്കാം.

രണ്ടാം വർഷ ഡിഗ്രി ക്ലാസ്സിലെത്തിയപ്പോഴേക്കും മുബൈ എഫ്.സി യിലെത്തിയ അനസ് കുപ്പറേജ് മൈതാനത്തും തുടർന്ന് ഇന്ത്യയിലെ എല്ലാ വൻകിട മൈതാനങ്ങളിലും പന്ത് തട്ടി, തുടർന്നങ്ങോട്ട് കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും വിവിധ വൻകിട ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടിയും വളരെ വൈകിയാണെങ്കിലും ഇന്ത്യൻ കുപ്പായത്തിലും രാജ്യത്തിനകത്തും പുറത്തും പന്ത് തട്ടാൻ തുടങ്ങിയിരിയ്ക്കുന്നു.

മാരക രോഗത്താൽ കഷ്ട്ടപ്പെട്ടിരുന്ന എന്റെ പ്രിയ സുഹൃത്ത് അശ്റഫിന്റെ കഷ്ടപ്പാടിൽ സാമ്പത്തികമായോ മറ്റോ സഹായിക്കാൻ അന്നെനിയ്ക്ക് സാധിയ്ക്കാതെ പോയെങ്കിലും അദ്ദേഹത്തിന്റെ വലിയ അഭിലാശമായിരുന്ന അനസ് വലിയ പന്തു കളിയ്ക്കാരനായി കാണുക എന്നതിന് അവനെ കണ്ടത് മുതൽ മൂന്നു വർഷം എന്നാലാകുന്നത്ര കളി പരിശീലവും, വേണ്ടത്ര പ്രോത്സാഹനങ്ങളും നൽകാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ ഇന്ന് വലിയ ആശ്വാസവും, സന്തോഷവും, അഭിമാനവും തോന്നുമ്പോഴെല്ലാം ഇത് കാണാനും കൊണ്ടോട്ടി അങ്ങാടിയിലെ ഏതെങ്കിലും ഒരു ചായക്കടയിൽ വൈകുന്നേരങ്ങളിൽ അശ്റഫിനൊപ്പം ഇരുന്ന് ഒരു ചായയും പറഞ്ഞ് പത്രങ്ങളിലും ടെലിവിഷനിലും അനസിനെക്കുറിച്ച് വായിക്കാനും, കളി കാണാനും, അനസിന്റെ വലിയ കളികൾ കാണാൻ പേര് കേട്ട നഗരങ്ങളിലെ പേര് കേട്ട മൈതാനങ്ങളിൽ അശ്റഫുമൊത്ത് പോയി നേരിട്ട് വീക്ഷിയ്ക്കാനും കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ വലിയ മന പ്രയാസമുണ്ടാകാറുണ്ട്.

ഇന്ന് അനസിന്റെ നല്ല മനസ്സും അർപ്പണ മനോഭാവവും കഠിനാധ്വാനവും അവനെ വലിയ നിലയിലാക്കിയിരിയ്ക്കുന്നു. അവൻ എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും പാത്രമായിരിയ്ക്കുന്നു.

അത് പോലെ അനസിന്റെ കാരണത്താൽ സമൂഹത്തിൽ നിന്ന് ഒരു സാധാരണ സാമൂഹ്യ ശാസ്ത്രാധ്യാപകൻ എന്നതിലുപരിയായി എളിയവനായ എനിയ്ക്ക് ലഭിച്ച സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും കാര്യവും അതിന് സമുഹത്തോടുള്ള കടപ്പാടും നന്ദിയും ഇവിടെ പറയാതെ വയ്യ.

പിന്നിട്ട വഴികളെയും പ്രയാസങ്ങളെയും മറക്കാത്ത അനസ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു ചടങ്ങിൽ പ്രസംഗത്തിനിടെ കാൻസർ രോഗികളുടെ കഷ്ടതകളെ കുറിച്ച് പറഞ്ഞ്; ആ രോഗം കൊണ്ട് രോഗികൾ ശാരീരികമായും, മാനസികമായും, സാമ്പത്തികമായും, സാമൂഹികമായും അനുഭവിയ്ക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും ഒരു കാലത്ത് തന്റെ ജ്യേഷ്ടനും തന്റെ കുടുബവും നന്നായി അനുഭവിച്ചതായും; അന്ന് ദാരിദ്ര്യം കാരണം വല്ലാതെ ബുദ്ധിമുട്ടിയിരുന്നെങ്കിൽ ഇന്ന് എന്റെ മാതാവ് അതേ രോഗത്താൽ ബുദ്ധിമുട്ടുമ്പോൾ എനിയ്ക്ക് അവരെയും എന്റെ കുടുംബത്തെയും നന്നായി പരിപാലിയ്ക്കാനും മറ്റുള്ളവരെ സഹായിക്കേണ്ടി വന്നാൽ അതിനും തുണയായി സർവ്വ ശക്തൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ കാൽപ്പന്ത് കൂട്ടിനുണ്ട് എന്ന് പറഞ്ഞ് വിതുമ്പിയപ്പോൾ കരുത്തുറ്റ ആ കായിക താരത്തിന്റെ ലോലമായ ഹൃദയത്തിൽ നിന്നും ബഹിർഗമിക്കപ്പെട്ടത് കനിവിന്റെയും കരുണയുടെയും കടപ്പാടിന്റെയും മഹാസന്ദേശമായിരുന്നു എന്നാണ് എനിയ്ക്ക് അതിനെ കുറിച്ച് പറയാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement