ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി സെനഗൽ. ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ബെനിനെ തോൽപ്പിച്ചാണ് സെനഗൽ സെമിയിലേക്ക് കടന്നത്. ഏക ഗോളിനായിരുന്നു സെനഗലിന്റെ വിജയം. സെനഗലിന്റെ ആധിപത്യമായിരുന്നു കളിയിലുടനീളം എങ്കിലും ഒരു ഗോൾ സെനഗലിന് നേടാൻ 67ആം മിനുട്ട് വരെ ഇന്ന് കാത്തിരിക്കേണ്ടി വന്നു. മാനെയുടെ പാസിൽ നിന്ന് ഇദ്രിസ് ഗുയെ ആണ് സെനഗലിന്റെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്.
2006ന് ശേഷം ആദ്യമായാണ് സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ സെമി ഫൈനലിൽ എത്തുന്നത്. മഡഗാസ്കറും ടുണീഷ്യയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും സെനഗൽ സെമിയിൽ നേരിടുക.













