യുവേഫ നാഷൺസ് ലീഗിൽ ഓറഞ്ച് പടയ്ക്ക് മിന്നുന്ന വിജയം. ഇന്ന് നടന്ന നിർണായ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെയാണ് ഹോളണ്ട് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. ഫ്രാൻസിന്റെ അപരാജിത കുതിപ്പിന് ഇതോടെ അന്ത്യമായി. അവസാന 16 മത്സരങ്ങളിലെ ഫ്രാൻസിന്റെ ആദ്യ പരാജയമാണിത്.
ആദ്യ പകുതിയിൽ ലിവർപൂൾ താരം വൈനാൽഡമാണ് ഹോളണ്ടിനെ മുന്നിൽ എത്തിച്ചത്. പരിക്ക് കാരണം പോഗ്ബ ഉൾപ്പെടെ പ്രമുഖർ ഇല്ലാതെ ഇറങ്ങിയ ഫ്രാൻസ് ഇന്ന് നന്നെ വിഷമിച്ചു. പലപ്പോഴും ലോരിസ് ആണ് ഫ്രാൻസിനെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്. കളിയുടെ അവസാന നിമിഷം ഒരു പെനാൾട്ടിയിലൂടെ ഡിപായ് ഹോളണ്ടിന്റെ രണ്ടാം ഗോളും നേടി.
ഇന്ന് ഹോളണ്ട് ജയിച്ചതോടെ ജർമ്മനി ലീഗ് എയിൽ നിന്ന് തരം താഴ്തപ്പെട്ടു. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഫ്രാൻസിന് ആറു പോയന്റാണ് ലീഗിൽ ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഹോളണ്ടിന് അഞ്ചും ജർമ്മനിക്ക് ഒരു പോയന്റുമാണ് ഉള്ളത്. ഇതാണ് ജർമ്മനിയുടെ റിലഗേഷൻ ഉറപ്പിച്ചത്. അടുത്ത മത്സരം ജയിക്കുക ആണെങ്കിൽ ഹോളണ്ടിന് സെമിയിലേക്ക് കടക്കാം.