ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ നിന്ന് ചാമ്പ്യന്മാരായ അൾജീരിയ നാണംകെട്ട് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയം നിർബന്ധമായിരുന്ന അൾജീരിയ ഐവറി കോസ്റ്റിനോട് 3-1ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യ 54 മിനുട്ടിൽ തന്നെ ഐവറി കോസ്റ്റ് 3 ഗോളിന് മുന്നിൽ എത്തിയിരുന്നു. ഫ്രാൻ കെസ്സി, സംഗാരെ, നിക്ലാസ് പെപെ എന്നിവരാണ് ഐവറി കോസ്റ്റിനായി ഗോളുകൾ നേടിയത്.
കളിയിലേക്ക് തിരികെ വരാൻ 60ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അൾജീരിയക്ക് അവസരം വന്നു. പക്ഷെ പെനാൾട്ടി എടുത്ത മഹ്റസിന് പിഴച്ചു. ബെൻഡെബ്ക ആണ് അൾജീരിയയുടെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഒരു മത്സരം പോലും വിജയിക്കാതെ ഒരു പോയിന്റുമായി അവസാന സ്ഥാനത്താണ് അൾജീരിയ ഫിനിഷ് ചെയ്തത്. ഐവറി കോസ്റ്റും ഇക്വിറ്റേറിയൽ ഗിനിയയും നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.














