ദീർഘകാലത്തെ കാത്തിരിപ്പിന് ഒടുവിൽ സ്പാനിഷ് മധ്യനിരതാരം മാർട്ടിൻ സുബിമെൻഡിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ആഴ്സണൽ. സ്പാനിഷ് ടീം റയൽ സോസിദാഡിൽ നിന്നു റിലീസ് ക്ലോസ് ആയ 51 മില്യൺ പൗണ്ട് നൽകിയാണ് 26 കാരനായ താരത്തെ ആഴ്സണൽ ടീമിൽ എത്തിച്ചത്. കഴിഞ്ഞ മാർച്ചിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള കാര്യങ്ങൾ ആഴ്സണൽ പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ ആണ് ഈ ട്രാൻസ്ഫർ അവർ പ്രഖ്യാപിക്കുന്നത്. നേരത്തെ താരത്തിന് ആയി റയൽ മാഡ്രിഡ്, ലിവർപൂൾ ടീമുകളും ശക്തമായി ശ്രമങ്ങൾ നടത്തിയിരുന്നു.
5 വർഷത്തേക്ക് 2030 വരെയുള്ള കരാർ ആണ് താരം ലണ്ടൻ ക്ലബ്ബിൽ ഒപ്പ് വെച്ചത്. 2011 ൽ 12 വയസ്സുള്ളപ്പോൾ റയൽ സോസിദാഡിൽ ചേർന്ന സുബിമെൻഡി 200 ൽ അധികം മത്സരങ്ങൾ ആണ് സ്പാനിഷ് ലാ ലീഗയിൽ കളിച്ചത്. 2020 ൽ ക്ലബിന്റെ കോപ്ല ഡെൽ റെയെ വിജയത്തിൽ നിർണായക പങ്ക് ആണ് സുബിമെൻഡി വഹിച്ചത്. ഡേവിഡ് റയ, മിഖേൽ മെറീനോ, കെപ എന്നിവർക്ക് പുറമെ നിലവിലെ ആഴ്സണൽ ടീമിലെ നാലാമത്തെ സ്പാനിഷ് താരമാവും ആഴ്സണൽ ക്യാപ്റ്റൻ ആയ മാർട്ടിൻ ഒഡഗാർഡിന്റെ മുൻ ടീം അംഗം കൂടിയായ സുബിമെൻഡി. 36 നമ്പർ ജേഴ്സി ആണ് താരം ആഴ്സണലിൽ ധരിക്കുക.