ലോകകപ്പിനുള്ള നെതർലണ്ട്സ് പടയിൽ കരുത്തരായ താരങ്ങളെയെല്ലാം വാൻ ഗാൽ ഉൾപ്പെടുത്തിയപ്പോൾ അപ്രതീക്ഷിതമായി സില്ലസൺ പുറത്ത്. പിഎസ്‌വി യുവതാരം സാവി സിമൺസിന് സീനിയർ ടീമിലേക്ക് വിളിയെത്തിയപ്പോൾ ഗാക്പോ അടക്കം ഫോമിലുള്ളവരെ ഉൾപ്പെടുത്താനും കോച്ച് മറന്നില്ല.
അടുത്തിടെയായി ടീമിന്റെ വലകാക്കുന്ന അയാക്സിന്റെ വെറ്ററൻ കീപ്പർ റെംകൊ പാസ്വീർ തന്നെയാവും പോസ്റ്റിന് കീഴിൽ എത്തുക. പ്രതിരോധത്തിൽ പ്രതിഭകളുടെ ധാരാളിത്തമാണ് ടീമിൽ. നാഥൻ ആക്കെ, വാൻ ഡൈക്, ടെംഫ്രൈസ്, ഡിലൈറ്റ്, ടിമ്പർ, ഡി വ്രിയ്, ഡാലി ബ്ലിന്റ് എന്നിവർക്കൊപ്പം യുനൈറ്റഡ് യുവതാരം മലാസിയയും എത്തുന്നു. ഇതോടെ ന്യൂകാസിൽ താരം ബോട്ട്മനെ കോച്ചിന് പുറത്താക്കേണ്ടിയും വന്നിരിക്കുകയാണ്. ഫ്രാങ്കി ഡിയോങ് നായിക്കുന്ന മധ്യനിരക്ക് കരുത്തു പകരാൻ അറ്റലാന്റ താരങ്ങൾ ആയ ഡി റൂണും കൂപ്മേയ്നെഴ്സും അയാകസിന്റെ ബെർഗ്വിസ്, ക്ലാസൺ എന്നിവരും ചേരും. ബയേണിന്റെ യുവതാരം ഗ്രാവൻബെർഷ് ആണ് ടീമിൽ നേടനാവാതെ പോയ മറ്റൊരു താരം.
പരിക്ക് പൂർണമായി ഭേദമായിട്ടില്ലെങ്കിലും മേംഫിസ് ഡീപെയെ ഒഴിവാക്കാൻ നെതർലണ്ട്സിന് സാധിക്കില്ല എന്നുറപ്പായിരുന്നു. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന താരത്തിനൊപ്പം ബെർഹ്വിൻ, ലുക്ക് ഡിയോങ് എന്നിവരും പിഎസ്‌വി ഐന്തോവന് വേണ്ടി അപാരമായ ഫോമിൽ കളിക്കുന്ന കോഡി ഗാക്പോയും എത്തും.