താനാണ് ബാബറിനെ നായകനാക്കുവാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത് – ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ ക്യാപ്റ്റനാക്കുവാന്‍ ബോര്‍ഡിനോട് ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകനും മുന്‍ പ്രധാനമന്ത്രിയും ആയ ഇമ്രാന്‍ ഖാന്‍.

താന്‍ അത്തരത്തിൽ ആവശ്യപ്പെട്ടത് ബാബര്‍ ലോകോത്തര താരം ആയതിനാലാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഭാഗ്യത്തിന്റെ തുണയോടെയാണ് സെമിയിലെത്തിയതെങ്കിലും സെമിയിൽ ആധികാരിക പ്രകടനത്തോടെ ന്യൂസിലാണ്ടിനെ പിന്തള്ളുകയായിരുന്നു.

2019 ഏകദിന ലോകകപ്പിന് ശേഷം സര്‍ഫ്രാസ് അഹമ്മദിന് പകരം ആണ് ബാബര്‍ ക്യാപ്റ്റനായി എത്തുന്നത്. താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാക് ക്രിക്കറ്റ് മോശം ഘട്ടത്തിലൂടെ പോകുകയായിരുന്നുവെന്നും താന്‍ ബാബര്‍ കളിക്കുന്നത് രണ്ട് തവണ മാത്രമാണ് കണ്ടതെങ്കിലും താരത്തെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.