ബാഴ്‌സയിലേക്ക് ചേക്കേറാൻ ഉള്ള തന്റെ തീരുമാനത്തെ ഏറ്റവും സ്വാധീനിച്ചത് സാവി ആണെന്ന് ജൂൾസ് കുണ്ടേ. സാവിയുമായുള്ള ദീർഘമായ സംസാരമാണ് ക്യാമ്പ്ന്യൂ തന്നെ തന്റെ പുതിയ തട്ടകമെന്ന തീരുമാനത്തിലേക്ക് എത്താൻ സഹായിച്ചതെന്ന് താരം വെളിപ്പെടുത്തി. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ’എക്വിപ്പെക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുണ്ടേ. കീരീടങ്ങൾ തേടിയുള്ള ബാഴ്‌സയുടെ പുതിയ കുതിപ്പിന്റെ ഭാഗമാകാനാണ് താൻ ഇവടെ എത്തിയതെന്നും താരം പറഞ്ഞു.
“സാവിയുമായുള്ള സംസാരത്തിൽ അദ്ദേഹം ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നു” താരം തുടർന്നു, ” തന്റെ വേഗവും, പ്രതിരോധത്തിൽ മാത്രമല്ല, അക്രമണത്തിലും പങ്കുചേരാനുള്ള കഴിവും എങ്ങനെയാണ് എങ്ങനെയാണ് ടീമിന് ഫലപ്രദമായി സഹായകരമാകുക എന്നും അദ്ദേഹം വിശദീകരിച്ചു. ടീമിനെ അടിമുടി മാറ്റാൻ ഇത് സ്വാധീനിക്കും എന്നുമായിരുന്നു സാവിയുടെ അഭിപ്രായം”.
കഴിഞ്ഞ സീസൺ പകുതി ആവുമ്പോൾ തങ്ങൾ (സെവിയ്യ) ബാഴ്‌സക്ക് പതിനഞ്ച് പോയിന്റ് മുന്നിലായിരുന്നു, എന്നാൽ സാവി വന്നതോടെ എല്ലാം മാറിമറിഞ്ഞു. ടീമിൽ അദ്ദേഹം കൊണ്ടു വന്ന മാറ്റങ്ങൾ താൻ കാണുന്നുണ്ടെന്നും ജൂൾസ് കുണ്ടേ കൂടിച്ചേർത്തു.
ചെൽസി കോച്ച് ടൂഷലുമായും താൻ സംസാരിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തി. അദ്ധേഹത്തിന് തന്നെ ടീമിലെത്തിക്കാൻ ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നു എന്ന് മനസിലായിരുന്നു, പക്ഷെ സാവിക്കാണ് തന്നെ സ്വാധീനിക്കാൻ കഴിഞ്ഞത് എന്നും കുണ്ടേ പറഞ്ഞു.