യൂറോപ്പ ലീഗിൽ സെമിഫൈനൽ കാണാതെ ബാഴ്‌സലോണ പുറത്ത് ആയതിനു പിന്നാലെ ബാഴ്‌സലോണ സ്റ്റേഡിയത്തിൽ എത്തിയ 30,000 ത്തിൽ അധികം ഫ്രാങ്ക്ഫർട്ട് ആരാധകരുടെ സാന്നിധ്യവും വലിയ വിവാദം ആഗിരിക്കുക ആണ്. ബാഴ്‌സലോണയുടെ മൈതാനത്ത് നിറഞ്ഞു നിന്ന ഫ്രാങ്ക്ഫർട്ട് ആരാധകർ അവരുടെ ടീമിന് വലിയ പ്രചോദനവും ആവേശവും തന്നെയാണ് പകർന്നത്. കൂടിയ വില ലഭിക്കാൻ ആയി ബാഴ്‌സലോണ ക്ലബ് അംഗങ്ങൾ തന്നെ ടിക്കറ്റ് എതിരാളികൾക്ക് വിറ്റതിനാൽ സാധാരണയിൽ പതിമടങ്ങ് എവേ ആരാധകർ ന്യൂ ക്യാമ്പിൽ എത്തിയത്. സ്റ്റേഡിയത്തിലെ സാഹചര്യം തങ്ങളെ സഹായിച്ചില്ല എന്നും രണ്ടു ടീമുകളുടെ ആരാധകർക്കും തുല്യ പ്രാധാന്യം ഉള്ള ഫൈനൽ കളിക്കുന്ന പ്രതീകം ആയിരുന്നു മത്സരത്തിനു എന്നും ബാഴ്‌സലോണ പരിശീലകൻ സാവി തോൽവിക്ക് ശേഷം പറഞ്ഞിരുന്നു.
തങ്ങളുടെ ആരാധകരെ പ്രതീക്ഷിച്ച തങ്ങൾക്ക് ഒരുപാട് ജർമൻ ആരാധകരെ ആണ് സ്റ്റേഡിയത്തിൽ കാണാൻ ആയത് എന്നു പറഞ്ഞ സാവി ക്ലബിന് ഇതിൽ വീഴ്ച പറ്റിയെന്നും അത് എന്താണ് എന്ന് ക്ലബ് പരിശോധിക്കുന്നത് ആയും വ്യക്തമാക്കി. സംഭവം നാണക്കേട് ആണ് എന്നാണ് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട പറഞ്ഞത്. ഇനി ഒരിക്കലും അത്തരം ഒരു സംഭവം നടക്കാൻ പാടില്ല എന്നും അദ്ദേഹം ആവർത്തിച്ചു. എന്താണ് സംഭവിച്ചത് എന്നു തങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട് എന്നും അതിനെതിരെ വേണ്ട നടപടി എടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ബാഴ്‌സലോണ ആരാധകൻ എന്ന നിലയിൽ തനിക്ക് ഇതിൽ നാണക്കേട് ഉണ്ടെന്നു പറഞ്ഞ ലപോർട്ട ഇത്തരം ഒരു സംഗതി കാണേണ്ടി വന്നതിൽ തനിക്ക് സങ്കടം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക്കറ്റുകൾ വിറ്റ തങ്ങളുടെ അംഗങ്ങൾക്ക് എതിരെ ബാഴ്‌സലോണ നടപടി വല്ലതും എടുക്കുമോ എന്നു കണ്ടറിയാം.