ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിഫൈനലിൽ പാരീസ് സെന്റ് ജർമനെ വീഴ്ത്തി ലിയോൺ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ 2-1 നു ജയിച്ച ലിയോൺ ഇരു പാദങ്ങളിലും ആയി 5-3 ന്റെ ജയവുമായി ആണ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. 14 മത്തെ മിനിറ്റിൽ സൽമ ബകയുടെ പാസിൽ നിന്നു ഹെഡറിലൂടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ടോപ് സ്‌കോറർ ആയ ആദ ഹെഗർബെർഗ് ലിയോണിന് മത്സരത്തിലെ ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ മേരി കൊറ്റോറ്റ ഗോൾ നേടിയതോടെ പാരീസ് മത്സരത്തിൽ തിരിച്ചു വരാം എന്ന് പ്രതീക്ഷിച്ചു.
മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് പാരീസ് ആയിരുന്നു എങ്കിലും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചത് ഏതാണ്ട് സമാനമായിരുന്നു. 83 മത്തെ മിനിറ്റിൽ സൽമ ബകയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ വെന്റി റെനാർഡ് ഗോൾ നേടിയതോടെ ലിയോൺ ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് റെക്കോർഡ് ജേതാക്കൾ ആയ ലിയോൺ നിലവിൽ വനിത ഫുട്‌ബോളിലെ ഏറ്റവും വലിയ ശക്തിയായ നിലവിലെ ജേതാക്കൾ ആയ ബാഴ്‌സലോണയെ ആണ് ഫൈനലിൽ നേരിടുക. ഏതാണ്ട് ഒന്നര വർഷങ്ങൾക്ക് ശേഷം സൂപ്പർ താരം ആദ ഹെഗർബെർഗ് അടക്കം മടങ്ങിയെത്തിയ ലിയോൺ ബാഴ്‌സലോണക്ക് മികച്ച പോരാട്ടം നൽകാൻ കെൽപ്പുള്ളവർ തന്നെയാണ്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ ഹെഗർബെർഗ് ഹാട്രിക് നേടിയപ്പോൾ ലിയോൺ ബാഴ്‌സലോണയെ 4-1 നു ആയിരുന്നു തോൽപ്പിച്ചത്.