വനിത സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കിരീട പോരാട്ടത്തിന് ഇന്ന് അവസാനം കാണും. തുടർച്ചയായ മൂന്നാം കിരീടം തേടി ചെൽസിയും കിരീടം തിരിച്ചു പിടിക്കാൻ ആഴ്‌സണലും ലീഗിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ടീമുകൾ തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് മാത്രം ആണ്. നിലവിൽ 21 കളികൾ പൂർത്തിയായപ്പോൾ ആഴ്‌സണലിന് 52 പോയിന്റുകൾ ഉള്ളപ്പോൾ ചെൽസിക്ക് 53 പോയിന്റുകൾ ഉണ്ട്. അതിനാൽ തന്നെ അവസാന മത്സരത്തിൽ വല്ല ട്വിസ്റ്റും സംഭവിക്കുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകർ. അവസാന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ചെൽസിയുടെ എതിരാളികൾ.
നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 2 പോയിന്റുകൾ പിറകിൽ നാലാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മൂന്നാം സ്ഥാനം സ്വന്തമാക്കണം. അതേസമയം ലണ്ടൻ ഡാർബിയിൽ ലീഗിൽ ആറാം സ്ഥാനക്കാരായ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ആഴ്‌സണലിന്റെ എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്ക് എതിരെ മികവ് കാണിക്കും എന്ന പ്രതീക്ഷയാണ് ആഴ്‌സണലിന് ഉള്ളത്. അതേസമയം മികച്ച പ്രകടനം നടത്തി കിരീടം നേടാൻ ഉറച്ച് ആവും ചെൽസി ഇറങ്ങുക. ഈ വർഷം കരാർ അവസാനിക്കുന്ന വനിത സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിയായ ആഴ്‌സണലിന്റെ ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമയുടെ ആഴ്‌സണലിന് ആയുള്ള അവസാന മത്സരം ആയേക്കും ഇന്നത്തേത്. ഈ സീസണിനു ശേഷം മിയെദെമ ബാഴ്‌സലോണയിലേക്ക് ചേക്കേറും എന്നാണ് സൂചനകൾ.