യൂറോപ്പിൽ നിന്നു നെതർലന്റ്സ്, ആഫ്രിക്കയിൽ നിന്നു സെനഗൽ, ഏഷ്യയിൽ നിന്നു ഖത്തർ, തെക്കേ അമേരിക്കയിൽ നിന്നു ഇക്വഡോർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ആണ് ലോകകപ്പിലെ ഗ്രൂപ്പ് എ. യൂറോപ്യൻ കരുത്തുമായി എത്തുന്ന ഓറഞ്ച് പട മേധാവിത്വം സ്ഥാപിക്കും എന്നു കരുതുന്ന ഗ്രൂപ്പിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനെ അങ്ങനെ എഴുതി തള്ളാൻ ആവില്ല. എന്നും അർജന്റീനക്കും ബ്രസീലിനും തലവേദന ആവാറുള്ള ലാറ്റിൻ അമേരിക്കൻ പോരാട്ട വീര്യവും ആയി വരുന്ന ഇക്വഡോറും അട്ടിമറിക്ക് കെൽപ്പുള്ളവർ ആണ്. ഇവർക്ക് ഒപ്പം ആണ് വിവാദങ്ങൾക്ക് ചുറ്റും സ്വന്തം മണ്ണിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ലോകകപ്പിൽ ആദ്യമായി പന്ത് തട്ടാൻ എത്തുന്ന ഖത്തർ. ഹോളണ്ട് ഒന്നാമത് എത്തും എന്നു പ്രതീക്ഷിക്കുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് ആയാണ് പോര് മുറുകുക.
നിർഭാഗ്യം മായിക്കുവാൻ ലൂയിസ് വാൻ ഹാലിന്റെ ഓറഞ്ച് പട
ഖത്തറിന് ലോകകപ്പ് നൽകിയതിന് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ചുരുക്കം ചില ലോകകപ്പ് പരിശീലകരിൽ ഒരാൾ ആണ് ഇതിഹാസ പരിശീലകൻ ലൂയിസ് വാൻ ഹാൽ. ഖത്തറിനു ലോകകപ്പ് നൽകിയത് ഫുട്‌ബോൾ വളർത്താൻ ആണ് എന്നൊന്നും ആരും പറയരുത് എന്നു അദ്ദേഹം തുറന്നു പറഞ്ഞു. 2014 ൽ ടീമിനെ സെമിഫൈനലിൽ എത്തിച്ച വാൻ ഹാലിന്റെ അനുഭവ സമ്പത്തിൽ തന്നെയാണ് ഡച്ച് പട ഇത്തവണയും പ്രതീക്ഷ വക്കുന്നത്. 1974, 1978, 2010 വർഷങ്ങളിൽ ഫൈനലിൽ കണ്ണീർ ആവേണ്ടി വന്ന ഡച്ച് പട ഇത്തവണ ആ നിരാശ മാറ്റാൻ ആണ് അറബ് മണ്ണിൽ എത്തുക. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ ആവാത്ത നിരാശയും കിരീടം നേടി മായിച്ചു കളയുക എന്ന ഉദ്ദേശവും ഓറഞ്ച് പടക്ക് ഇത്തവണ ഉണ്ട്. ലോകകപ്പിനുള്ള ഡച്ച് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എങ്കിലും സമീപകാലത്ത് മികവ് തുടരുന്ന മികച്ച ടീം തന്നെയാണ് ഹോളണ്ടിനു ഈ ലോകകപ്പിൽ ഉള്ളത്.
പരിചയസമ്പത്തും യുവത്വവും ചേർന്ന ഡച്ച് ടീമിന്റെ പ്രധാന കരുത്ത് യൂറോപ്പിൽ എങ്ങും മിന്നിത്തിളങ്ങുന്ന യുവതാരങ്ങൾ ആണ്. ഗോളിന് മുന്നിൽ ഫെയർനൂദിന്റെ ജസ്റ്റിൻ ബിജ്ലോ ആവും ഡച്ച് വല കാക്കുക. ഗോളിക്ക് മുന്നിൽ അതിശക്തമായ പ്രതിരോധനിരയാണ് ഡച്ച് ടീമിന് ഉള്ളത്. ഫോമിൽ നിലവിൽ നേരിയ മങ്ങൽ ഉണ്ടെങ്കിലും ലിവർപൂളിന്റെ വിർജിൽ വാൻ ഡെയ്ക് ഇന്നും ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാൾ ആണ്. ക്യാപ്റ്റൻ വിർജിലിന്റെ നായക മികവും അനുഭവസമ്പത്തും ശാന്ത പ്രകൃതവും ഡച്ച് കരുത്ത് ആണ്. കൂടെ ബയേൺ മ്യൂണികിന്റെ മതിയാസ് ഡി ലിറ്റ്, മാഞ്ചസ്റ്റർ സിറ്റിയുടെ നഥാൻ ആകെ, അയാക്‌സിന്റെ ജുറിയൻ ടിമ്പർ, ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ അവിസ്മരണീയ പ്രകടനം തുടരുന്ന സ്വെൻ ബോട്ട്മാൻ വിങ് ബാക്ക് ആയി ഇന്റർ മിലാന്റെ താരങ്ങൾ ആയ ഡെൻസൽ ഡംഫ്രിസ്, സ്റ്റെഫാൻ ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ടൈയ്റൽ മലാസിയ ഇവർക്ക് ഒപ്പം ഡെയ്‌ലി ബ്ലിന്റിന്റെ പരിചയ സമ്പത്തും വാൻ ഹാൽ ഉപയോഗിച്ചേക്കും. ഈ പ്രതിരോധനിര യുവത്വവും അനുഭവസമ്പതും കരുത്തും വേഗവും ഒരുപോലെ സമനയിച്ചത് ആണ്.
വെസ്ലി സ്നൈഡറും റാഫേൽ വാൻ ഡർ വാർട്ടും നയിച്ച ആ സുവർണ മധ്യനിരക്ക് ചേർന്നു നിൽക്കുന്ന മധ്യനിര തന്നെയാണ് ഇപ്പോഴും ഡച്ച് ടീമിന് ഉള്ളത്. ബാഴ്‌സലോണയിൽ ടീമിൽ ഇടം കിട്ടാൻ വിഷമിക്കുന്നു എങ്കിലും ഫ്രാങ്കി ഡിയോങ് ഇന്നും ലോകത്തിലെ മികച്ച മധ്യനിരതാരങ്ങളിൽ ഒരാൾ തന്നെയാണ്. തന്റേതായ ദിനം ഏത് ടീമിന് എതിരെയും മധ്യനിര ഡിയോങ് ഭരിക്കും. പരിക്ക് കാരണം വൈനാൾഡത്തിന് ലോകകപ്പ് നഷ്ടമാവുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡോണി വാൻ ഡ ബീക്കിനും ചിലപ്പോൾ ടീമിൽ ഇടം ലഭിച്ചേക്കില്ല. വൈനാൾഡത്തിന്റെ അഭാവം ഹോളണ്ടിനു വലിയ നഷ്ടം തന്നെയാവും. ശ്രദ്ധിക്കേണ്ട ചില യുവതാരങ്ങൾ ഉണ്ട് ഡച്ച് മധ്യനിരയിൽ ബയേൺ യുവതാരം റയാൻ ഗ്രവൻബെർച്, പി.എസ്.വി യുടെ അത്ഭുതം സാവി സിമൻസ്, അവരുടെ തന്നെ ഗുസ് ടിൽ എന്നിവർ അത്ഭുതം കാണിക്കാൻ പോന്നവർ ആണ്. സീസണിൽ മിന്നും ഫോമിലാണ് സാവി സിമൻസ്. അയാക്‌സിന്റെ കെന്നത്ത് ടെയിലർ, ഡേവി ക്ലാസൻ അറ്റലാന്റയുടെ മാർട്ടൻ ഡി റൂൺ ഇങ്ങനെ മികച്ച മധ്യനിര താരങ്ങളാൽ സമ്പന്നം ആണ് ഡച്ച് പട.
മെമ്പിസ് ഡീപെ ആയിരുന്നു സമീപകാലത്ത് ഡച്ച് മുന്നേറ്റത്തിന്റെ കുന്തമുന. എന്നാൽ ബാഴ്‌സലോണയിൽ അവസരങ്ങൾ കുറഞ്ഞതും പരിക്കും താരത്തിൽ സംശയം ഉണ്ടാക്കുന്നുണ്ട്. എന്നാൽ എന്നും ഓറഞ്ച് കുപ്പായത്തിൽ മികവ് തുടരുന്ന താരത്തിൽ നിന്നു ഹോളണ്ട് ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.വിയിൽ ഡച്ച് ലീഗിൽ വിസ്മയം തീർക്കുന്ന യുവതാരം കോഡി ഗാക്പോ എതിർ പ്രതിരോധത്തിന് ഈ ലോകകപ്പിൽ ഏറ്റവും വലിയ തലവേദന ആവും എന്നുറപ്പാണ്. ഗാക്പോ അവസരത്തിനു ഒത്ത് ഉയർന്നാൽ ഡച്ച് പടയെ തടയാൻ അധികം ആർക്കും ആവും എന്നു തോന്നുന്നില്ല. അയാക്‌സിന്റെ സ്റ്റീവൻ ബെർഗിവിൻ, ഡോർട്ട്മുണ്ടിന്റെ ഡോനിയൽ മലാൻ എന്നീ യുവതാരങ്ങളും ഡച്ച് കരുത്ത് ആണ്. ഡച്ച് മുന്നേറ്റത്തിന്റെ വേഗതയെ തടയാൻ എതിർ പ്രതിരോധം പാട് പെടും എന്നുറപ്പാണ്. ഈ യുവപടക്ക് ഒപ്പം മുന്നേറ്റത്തെ സഹായിക്കാൻ ലൂക് ഡിയോങ്, വിൻസെന്റ് യാൻസൻ, വെഗ്ഹോർസ്റ്റ് എന്നീ പരിചയസമ്പന്നരെയും വാൻ ഹാലിന് കൂട്ടുണ്ട്. ഉറപ്പായിട്ടും ലോകകപ്പ് ഉയർത്താൻ തന്നെ കരുത്തുള്ള ഒരു നിര ഹോളണ്ടിനു ഉണ്ട് എന്ന് തന്നെ പറയാം. ഗ്രൂപ്പിൽ നവംബർ 21 നു സെനഗലിനെ നേരിടുന്ന ഹോളണ്ട് 25 നു ഇക്വഡോറിനെയും 29 നു ഖത്തറിനെയും നേരിടും.
ശ്രദ്ധിക്കേണ്ട താരം : കോഡി ഗാക്പോ- പി.എസ്.വിയിൽ ഗോൾ അടിച്ചും അടിപ്പിച്ചും തുടരുന്ന മികവ് ഗാക്പോ ഖത്തറിൽ ആവർത്തിച്ചാൽ ഹോളണ്ട് ലോകകപ്പിൽ കൂടുതൽ ദൂരം പോവും എന്നുറപ്പാണ്. ഇതിനകം തന്നെ ലോകകപ്പിന് ശേഷം താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പണപ്പെട്ടിയും ആയി കാത്തിരിക്കുന്നുണ്ട്.
ലോകകപ്പിൽ അട്ടിമറിയുടെ ചരിത്രം ആവർത്തിക്കാൻ സാദിയോ മാനെയുടെ ആഫ്രിക്കൻ ചാമ്പ്യൻമാർ
ഇത് ചരിത്രത്തിൽ മൂന്നാം തവണയാണ് സെനഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. 2002 ൽ തങ്ങളുടെ ആദ്യ ലോകകപ്പിൽ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചു അടുത്ത റൗണ്ടിലേക്ക് മുന്നേറാനും അവർക്ക് ആയിരുന്നു. അന്ന് തുർക്കിയോട് ക്വാർട്ടർ ഫൈനലിൽ ആണ് അവർ വീഴുന്നത്. അതിനു ശേഷം 2018 ൽ ആണ് സെനഗൽ ലോകകപ്പ് യോഗ്യത നേടിയത്. ഇത്തവണ അവിശ്വസനീയം ആയ നിർഭാഗ്യം ആണ് അവരെ കാത്തിരുന്നത്. പോളണ്ടിനെ ഗ്രൂപ്പിൽ അട്ടിമറിച്ച അവർ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫെയർ പ്ലെ പോയിന്റ് കാരണം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോയി. ജപ്പാനും ആയി തുല്യപോയിന്റ് പങ്ക് വച്ച ശേഷം ആയിരുന്നു അവരുടെ പുറത്ത് പോക്ക്. ഇത്തവണ ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടി വരുന്ന സെനഗൽ 2002 ആവർത്തിക്കാനുള്ള ശ്രമത്തിൽ ആണ്. ബയേൺ മ്യൂണിക് താരം സാദിയോ മാനെ മുന്നിൽ നിന്നു നയിക്കുന്ന ആഫ്രിക്കൻ കരുത്തന്മാർക്ക് യൂറോപ്പിൽ കളിച്ചു പരിചയമുള്ള ഒരുപിടി മികച്ച താരങ്ങൾ ഉണ്ട് ടീമിൽ. ഗ്രൂപ്പിൽ രണ്ടാമത് ആയി മുന്നേറാൻ ആവും മുൻ താരം അലിയോ സിസെ പരിശീലിപ്പിക്കുന്ന സെനഗൽ ശ്രമം.
ചെൽസിയുടെ സൂപ്പർ ഗോൾ കീപ്പർ എഡാർഡ് മെന്റി ആവും ആഫ്രിക്കൻ സിംഹങ്ങളുടെ വല കാക്കുക. ആഫ്രിക്കൻ നേഷൻസ് കപ്പിലും ലോകകപ്പ് യോഗ്യത മത്സരത്തിലും മെന്റിയാണ് പലപ്പോഴും സെനഗലിന്റെ രക്ഷകൻ ആയത്. ഈജിപ്തിനു എതിരായ ലോകകപ്പ് പ്ലെ ഓഫ് ഫൈനലിൽ പെനാൽട്ടി രക്ഷപ്പെടുത്തി ഹീറോ ആയതും മെന്റി ആയിരുന്നു. നിലവിൽ പരിക്ക് അലട്ടുന്നു എങ്കിലും ചെൽസിയുടെ പ്രതിരോധ കരുത്ത് കൗലിബാലി ലോകകപ്പിന് ഉണ്ടാവും എന്നാണ് സെനഗൽ പ്രതീക്ഷ. ഒപ്പം ലൈപ്സിഗിന്റെ അബ്‌ദോ ഡിയാലോ, മിലാന്റെ ടോറെ, മൊണാക്കോയുടെ ഇസ്മയിൽ ജാക്കോബ്‌സ് എന്നിവർ അടങ്ങിയ കരുത്തുറ്റ പ്രതിരോധം തന്നെയാണ് അവരുടേത്. മധ്യനിരയിൽ മുൻ പി.എസ്.ജി താരം എവർട്ടണിന്റെ ഇദിരീസിയ ഗുയെ, ലെസ്റ്റർ സിറ്റിയുടെ മെന്റി, നോട്ടിങ്ഹാം ഫോറസ്റ്റിന്റെ കൗയാറ്റെ, ടോട്ടൻഹാമിന്റെ സാർ, റയോയുടെ പാതെ സിസ്, മാഴ്സെയുടെ പാപെ ഗുയെ എന്നിവർ അണിനിരക്കുന്നു.
പരിചയസമ്പന്നരും യുവത്വവും ഒരു പോലെയുള്ള മികച്ച മധ്യനിര തന്നെയാണ് ആഫ്രിക്കൻ ചാമ്പ്യൻമാരുടേത് എന്നു തന്നെ പറയാം. മുന്നേറ്റത്തിൽ സാദിയോ മാനെ എന്ന ഇതിഹാസം തന്നെയാണ് സെനഗലിന്റെ ഏറ്റവും വലിയ കരുത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ ആഫ്രിക്കൻ താരം ആവാനുള്ള പ്രയാണത്തിൽ മുൻ ലിവർപൂൾ സഹതാരം മുഹമ്മദ് സലാഹിനെ മറികടക്കാൻ ലോകകപ്പിൽ ഒരു മികച്ച പ്രകടനം മാനെയിൽ നിന്നു ഉണ്ടാവേണ്ടത് ആവശ്യമാണ്. ബയേണിലും മികവ് തുടരുന്ന മാനെ ഖത്തറിൽ മികവ് തുടർന്നാൽ ഡച്ച് പടക്ക് വരെ അത് തലവേദന സൃഷ്ടിക്കും. മാഴ്സെയുടെ ബാമ്പ ഡിയങ്, വിയ്യറയലിന്റെ നിക്കോളാസ് ജാക്‌സൺ, ടൊറീനയുടെ ഡമ്പ സെക് എന്നിവർ മാനെക്ക് മുന്നേറ്റത്തിൽ സഹായകമാവും. എന്നാൽ മാനെയെ പോലെ തന്നെ എതിരാളികൾ ഭയക്കേണ്ട താരം വലിയ വേഗവും മികവുമുള്ള വാട്ഫോർഡ് താരം ഇസ്മയില സാർ ആവും. നവംബർ 21 നു സെനഗലിനെ നേരിടുമ്പോൾ 2002 ലെ ഫ്രാൻസിന്റെ അനുഭവം ഡച്ച് പട ഓർക്കുന്നത് നല്ലത് ആയിരിക്കും. 25 നു ഖത്തറും 29 നു ഇക്വഡോറും ആണ് ഗ്രൂപ്പിൽ സെനഗലിന്റെ മറ്റ് എതിരാളികൾ.
ശ്രദ്ധിക്കേണ്ട താരം : ഇസ്മയില സാർ – സാദിയോ മാനെ പോലെ തന്നെ സെനഗലിന് പ്രധാനപ്പെട്ട താരമാണ് ഇസ്മയില സാർ, അസാമാന്യ വേഗമുള്ള വാട്ഫോർഡ് താരം ഗോളിന് മുന്നിൽ കൂടി തിളങ്ങിയാൽ അത് എതിരാളികൾക്ക് വലിയ തലവേദന ആവും. എതിർ പ്രതിരോധത്തെ വിശ്രമം ഇല്ലാതെ ബുദ്ധിമുട്ടിക്കുന്ന സാർ സെനഗൽ മുന്നേറ്റത്തിൽ പ്രധാനിയാണ്.
ലാറ്റിൻ അമേരിക്കൻ പോരാട്ടവീര്യം പുറത്തെടുക്കാൻ ഇക്വഡോർ
ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ നാലാമത് ആയാണ് ഇക്വഡോർ ലോകകപ്പിന് യോഗ്യത നേടുന്നത്. 2002, 2006, 2014 ലോകകപ്പുകളിൽ കളിച്ച അവർക്ക് ഇത് നാലാം ലോകകപ്പ് ആണ്. 2002 ൽ ക്രൊയേഷ്യയെ അട്ടിമറിച്ച അവർ 2006 ൽ പോളണ്ട് കോസ്റ്ററിക്ക ടീമുകളെ തോൽപ്പിച്ചു അവസാന പതിനാറിലേക്ക് ജർമ്മനിക്ക് പിന്നിൽ യോഗ്യത നേടിയെങ്കിലും ഇംഗ്ലണ്ടിനോട് കടുത്ത പോരാട്ടത്തിനു ഒടുവിൽ ഒരു ഗോളിന് പരാജയപ്പെടുക ആയിരുന്നു. 2014 ൽ ഹോണ്ടുറാസിനെ വീഴ്ത്തിയ അവർ ഫ്രാൻസിനെ ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു. വലിയ ടീമുകളോട് വലിയ വേദികളിൽ കളിക്കുമ്പോൾ ഭയം ഇല്ല എന്നത് തന്നെയാണ് ഇക്വഡോറിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാരീരിക മികവ് പുറത്ത് എടുത്തു കളിക്കുന്ന അവർ കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീൽ അർജന്റീന ടീമുകളെ നന്നായി പരീക്ഷിച്ചതും കാണാൻ ആയി. നിലവിൽ പഴയ മികവ് ഇല്ലെങ്കിലും ഇക്വഡോറിനെ എഴുതി തള്ളുന്നത് അപകടകരം തന്നെയാണ്. ലോകകപ്പ് യോഗ്യതയിൽ ഉറുഗ്വയെ 4-2 നു തോൽപ്പിച്ചതും കൊളംബിയയെ 6-1 നു തകർത്തതും അവരുടെ മികവിന്റെ ഉദാഹരണം ആണ്.
യൂറോപ്പിലും അമേരിക്കയിലും കളിക്കുന്ന താരങ്ങൾ ആണ് ഇക്വഡോർ ടീമിൽ പ്രധാനമായും കളിക്കുന്നത്. അർജന്റീനക്കാരനായ ഗുസ്താവോ അൽഫാറോ ആണ് ഇക്വഡോർ പരിശീലകൻ. ചില പ്രധാന താരങ്ങൾക്ക് പരിക്കേറ്റത് അവർക്ക് വിനയാണ്. യോഗ്യത ഇല്ലാത്ത താരത്തെ ഇറക്കി എന്ന ചിലി, പെറു എന്നിവരുടെ കേസ് കോടതിയിൽ ജയിച്ചു ആണ് അവർ ലോകകപ്പിന് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇംഗ്ലീഷ് ക്ലബ് ബ്രൈറ്റണിന്റെ ലെഫ്റ്റ് ബാക്ക് പെർവിസ് എസ്റ്റുപിനിയൻ അവർക്ക് വലിയ കരുത്ത് ആണ്. അസാമാന്യ വേഗതയുള്ള താരം മുന്നേറ്റത്തിലും ഇക്വഡോറിന് കരുത്ത് പകരും. പ്രതിരോധത്തിൽ യുവ ലെവർകുസൻ താരം പിയെരോ ഹിൻകാപി, മധ്യനിരയിൽ മറ്റൊരു യുവതാരം ഗോൺസാലോ പ്ലാറ്റ, ബ്രൈറ്റണിന്റെ മധ്യനിര താരങ്ങളായ ജെറമി സാർമിയെന്റോ, മോയിസസ് കായിസെഡോ എന്നിവർക്ക് ഒപ്പം മുന്നേറ്റത്തിൽ പരിചയ സമ്പന്നനായ എന്നർ വലൻസിയ എന്നിവർ ആണ് ഇക്വഡോറിന്റെ പ്രധാന കരുത്ത്. 20 നു നടക്കുന്ന ഉത്ഘാടന മത്സരത്തിൽ ഖത്തർ പ്രതീക്ഷകൾ തല്ലി കെടുത്താൻ ആവും ഇക്വഡോർ ശ്രമം. 25 നു ഹോളണ്ടിനെ നേരിടുന്ന അവർ 29 നു സെനഗലിനെയും നേരിടും.
ശ്രദ്ധിക്കേണ്ട താരം : മോയിസസ് കായിസെഡോ- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൺ നടത്തുന്ന കുതിപ്പുകൾക്ക് മധ്യനിരയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ യുവതാരം ആണ്. മധ്യനിരയിൽ എഞ്ചിൻ ആയി പ്രവർത്തിക്കുന്ന ഈ യുവതാരത്തിന്റെ പ്രകടനം ആവും ഇക്വഡോർ ഈ ലോകകപ്പിൽ എന്തെങ്കിലും ചെയ്യുന്നു എങ്കിൽ നിർണായകമാവുക.
സ്വന്തം മണ്ണിൽ ആദ്യ ലോകകപ്പ് കളിക്കാൻ ഖത്തർ
11 വർഷം മുമ്പ് തങ്ങൾക്ക് അനുവദിച്ചത് മുതൽ കേൾക്കുന്ന പഴികളും, വിവാദങ്ങൾക്കും മികവുറ്റ ലോകകപ്പ് നടത്തിപ്പ് കൊണ്ട് മറുപടി പറയാൻ ആണ് ഖത്തർ ശ്രമിക്കുക. അതേപോലെ തന്നെ കളത്തിലും തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആവും എന്നു അവർക്ക് തെളിയിക്കേണ്ട ആവശ്യമുണ്ട്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഖത്തർ ഒരു ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നത്. ഇത് വരെ തങ്ങളുടെ ടീം ഖത്തർ പ്രഖ്യാപിച്ചിട്ടില്ല. പുറത്ത് നിന്ന് എടുത്ത ആഫ്രിക്കൻ താരങ്ങൾ ആണ് ഖത്തർ ടീമിന്റെ പ്രധാന കരുത്ത്. ഗോൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്ത് എടുത്ത അവർ ഫൈനലിൽ അമേരിക്കയോട് തോൽവി വഴങ്ങുക ആയിരുന്നു. 2019 ൽ ഏഷ്യൻ വമ്പന്മാരെ മറികടന്നു ഏഷ്യൻ ചാമ്പ്യൻമാരായി ചരിത്രം എഴുതിയ ഖത്തർ ഒരു വെടിക്കുള്ള മരുന്നു തങ്ങളുടെ കയ്യിൽ ഉണ്ടെന്നു ഇതിനകം തെളിയിച്ചവർ ആണ്.
സ്പാനിഷ് പരിശീലകനും മുൻ ബാഴ്‌സലോണ യൂത്ത് ടീം പരിശീലകനും ആയ ഫെലിക്‌സ് സാഞ്ചസ് ആണ് ആതിഥേയരുടെ പരിശീലകൻ. അറബ് ലീഗുകളിൽ കളിക്കുന്ന താരങ്ങൾ ആണ് ഖത്തർ ടീമിൽ ഭൂരിഭാഗം പേരും. ഖത്തർ വമ്പന്മാർ ആയ അൽ സാദിൽ നിന്നുള്ള താരങ്ങൾ ആവും ടീമിൽ പകുതിയും. പ്രതിരോധത്തിൽ പരിചയ സമ്പന്നരായ അബുദൽ കരിം ഹസൻ, തരക് സൽമാൻ അടക്കമുള്ളവർ അണിനിരക്കുമ്പോൾ മധ്യനിരയിൽ കരിം, അബ്ദുൽ അസീസ് ഖത്തം, അലി അസദല്ല എന്നിവർ അണിനിരക്കും. മുന്നേറ്റത്തിൽ 165 മത്സരങ്ങളുടെ പരിചയമുള്ള ക്യാപ്റ്റൻ ഹസൻ അൽ ഹയദോസ് പരിചയസമ്പന്നനായ അക്രം അഫീഫ് എന്നിവർക്ക് ഒപ്പം ഖത്തർ ടീമിന്റെ കുന്തമുനയായ അൽമോയസ് അലിയും അണിനിരക്കും. 84 കളികളിൽ നിന്നു 41 ഗോളുകൾ ടീമിന് ആയി നേടിയ അലി 2019 ഏഷ്യ കപ്പിൽ ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയിരുന്നു. അന്ന് 9 ഗോളുകൾ ആണ് താരം നേടിയത്. ഉത്ഘാടന മത്സരത്തിൽ 20 തിനു ഇക്വഡോറിനെ നേരിടുന്ന ഖത്തർ 25 നു സെനഗലിനെയും 29 നു ഹോളണ്ടിനെയും നേരിടും.