ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ കരുത്ത് കാട്ടാൻ ടുണീഷ്യ, മികവ് തുടരാൻ എറിക്സന്റെ ഡെന്മാർക്ക്

20221122 025115

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ന് ആഫ്രിക്കൻ യൂറോപ്യൻ പോരാട്ടം. ആഫ്രിക്കൻ കരുത്തും ആയി ടുണീഷ്യ എത്തുമ്പോൾ സമീപകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആയി വളർന്ന ഡെന്മാർക്ക് അവരുടെ കരുത്ത് ലോകത്തിനു കാണിക്കാൻ ആവും ഇറങ്ങുക. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6.30 നു ആണ് ഈ മത്സരം നടക്കുക. ലോകകപ്പിൽ ഇരു ടീമുകളും ഇത് ആദ്യമായാണ് ഏറ്റുമുട്ടുന്നത്. മുമ്പ് സൗഹൃദ മത്സരത്തിൽ കണ്ടുമുട്ടിയപ്പോൾ ഡെന്മാർക്ക് ആണ് ജയം കണ്ടത്. യൂറോ കപ്പിൽ മരണത്തിന്റെ വക്കിൽ നിന്നു ഫുട്‌ബോൾ കളത്തിലേക്ക് തിരിച്ചു വന്ന ക്രിസ്റ്റിയൻ എറിക്സന്റെ സാന്നിധ്യം ഡെന്മാർക്കിന്‌ അനുഗ്രഹം ആണ്. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ജെഴ്‌സിയിൽ അടക്കം പ്രതിഷേധം രേഖപ്പെടുത്തിയാണ് ഡെന്മാർക്ക് ലോകകപ്പിന് എത്തുന്നത്.

Eriksen

യൂറോ കപ്പിൽ സെമി വരെ എത്തിയ പ്രകടനം ആവർത്തിക്കാൻ എത്തുന്ന അതിശക്തമായ ഡെന്മാർക്കിന്‌ എറിക്സനു പുറമെ ഡോൽബർഗ്, ഡാമ്സ്ഗാർഡ് എന്നിവർ മുന്നേറ്റത്തിലും ഹോയബിയർ, ഡിലേനി തുടങ്ങിയ താരങ്ങൾ മധ്യനിരയിലും ഉണ്ട്. ഗോളിന് മുന്നിൽ ഷെയ്മക്കലും പ്രതിരോധത്തിൽ കെറും പരിചയസമ്പന്നർ ആണ്. ക്രിസ്റ്റിയൻസൻ, മഹെല എന്നിവർ അടങ്ങിയ ഡെന്മാർക്ക് പ്രതിരോധം എപ്പോഴും വിശ്വസിക്കാവുന്ന ഒന്നാണ്. എറിക്‌സനെ തടയുന്നതിന് ഒപ്പം ഈ പ്രതിരോധം മറികടക്കുക എന്നതും ട്യുണീഷ്യക്ക് പ്രയാസമുള്ള പണിയാണ്. മറുവശത്ത് കൂട്ടായി കളിച്ചു നേടാൻ ആവും ട്യുണീഷ്യൻ ശ്രമം. മുന്നേറ്റത്തിൽ കാസ്‌റി അടക്കമുള്ള അപകടകാരികൾ ആയ താരങ്ങളും അവർക്ക് ഉണ്ട്. ഫ്രാൻസ് ഉൾപ്പെട്ട ഗ്രൂപ്പിൽ ട്യുണീഷ്യക്ക് എതിരെ അടിപതറിയാൽ അത് വലിയ അപകടം ചെയ്യും എന്നറിയാവുന്ന ഡെന്മാർക്ക് ഇന്ന് ജയം മാത്രമാവും ലക്ഷ്യം വക്കുക.