ഒറഗണിൽ നടക്കുന്ന ലോക അത്‌ലറ്റിക് ലോക ചാമ്പ്യൻഷിപ്പിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിൽ. പുരുഷ ലോങ് ജംപിൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്നത്. 8.15 മീറ്റർ സ്വാഭാവിക യോഗ്യത ആയി കണക്കാക്കിയ യോഗ്യത റൗണ്ടുകളിൽ ആദ്യ ശ്രമത്തിൽ താരം 7.86 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ താരം 8 മീറ്റർ ലക്ഷ്യം കണ്ടപ്പോൾ മൂന്നാം ശ്രമം ഫൗൾ ആയി മാറി. തന്റെ ഗ്രൂപ്പിൽ രണ്ടാമത് ആയും മൊത്തത്തിൽ ഏഴാമത് ആയും ആണ് 23 കാരനായ ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്വാഭാവിക യോഗ്യത രണ്ടു താരങ്ങൾക്ക് മാത്രം ആണ് ഇന്ന് മറികടക്കാൻ ആയത്. 2019 ദോഹ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 22 മത് ആയ താരത്തിന് ഇത് വലിയ മുന്നേറ്റം തന്നെയാണ്. അതേസമയം 7.79 മീറ്റർ ചാടി 20 സ്ഥാനത്ത് എത്തിയ ജെസ്വിൻ ആൾഡ്രിനും 7.74 മീറ്റർ ചാടി 23 സ്ഥാനത്ത് എത്തിയ മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ എത്താതെ പുറത്തായി.
തുടർച്ചയായ രണ്ടാം തവണയും 3000 മീറ്റർ സ്റ്റീപിൾ ചേസിൽ അവിനാശ് സേബിൾ ഫൈനലിലേക്ക് യോഗ്യത നേടി. മൂന്നാം ഹീറ്റിൽ 8.18.75 മിനിറ്റിൽ റേസ് പൂർത്തിയാക്കിയ അവിനാശ് സ്വാഭാവികമായും ഫൈനലിലേക്ക് യോഗ്യത കണ്ടത്തി. ഹീറ്റിൽ ആദ്യം മുൻതൂക്കം നേടിയ താരം അവസാന 400 മീറ്ററിൽ ആറാമത് ആയെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തിലേക്ക് മുന്നേറിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2019 ൽ ദോഹയിൽ 13 സ്ഥാനത്ത് ആയിരുന്നു ഫൈനലിൽ 27 കാരനായ താരം അന്ന് റേസ് പൂർത്തിയാക്കിയത്. അതിൽ നിന്നുള്ള മുന്നേറ്റം ആവും താരം അമേരിക്കയിൽ ലക്ഷ്യം വക്കുന്നത്. അതേസമയം ഇന്ന് നടന്ന മറ്റ് ഇനങ്ങളിൽ വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി 34 സ്ഥാനത്ത് എത്തി. 1 മണിക്കൂർ 39.42 മിനിറ്റിൽ 34 മത് എത്തിയ താരം ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച സ്ഥാനം ആണ് ലോക ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയത്. അതേസമയം പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തം 1 മണിക്കൂർ 31.58 മിനിറ്റിൽ പൂർത്തിയാക്കിയ സന്ദീപ് കുമാർ 45 പേരുള്ള നടത്തം നാൽപ്പതാം സ്ഥാനക്കാരനായാണ് പൂർത്തിയാക്കിയത്.