യുദ്ധത്തിന് വാക്സിൻ എടുത്തു യുഎസ് ഓപ്പൺ

Img 20220716 120346

ഈ വർഷത്തെ അവസാന ഗ്രാൻഡ്സ്ലാമായ യുഎസ് ഓപ്പൺ അടുത്ത മാസം അവസാനം തുടങ്ങും. ആരൊക്കെ കളിക്കും എന്ന കാര്യത്തിൽ തീരുമാനമായി വരുന്നതേയുള്ളൂ. എങ്കിലും ഇക്കൊല്ലത്തെ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് കളിക്കാൻ സാധ്യതയില്ല. കോവിഡ് വാക്സിൻ എടുക്കാനുള്ള മടി തന്നെയാണ് കാരണം.

മടിയെന്ന് പറയാൻ കഴിയില്ല, ആദ്യം മുതൽ തന്നെ ജോക്കോവിച്ച് വാക്സിൻ എടുക്കുന്നതിനു എതിരായിരുന്നു. ഈ വർഷം ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ ചെന്ന്, വാക്സിൻ ഇല്ലാത്തത് കൊണ്ട് തിരിച്ചു പോരേണ്ടി വന്നത് കളിക്കും ജോക്കോവിനും ചീത്തപ്പേര് ഉണ്ടാക്കിയ സംഭവമാണ്. അന്ന് സർക്കാർ തലത്തിലാണ് നടപടിയുണ്ടായത്, കോടതിയും ഇടപെട്ടു.

അങ്ങനെയൊക്കെ അവിടെ സംഭവിച്ച സ്ഥിതിക്ക് യുഎസിലേക്ക് പുറപ്പെടാൻ ജോക്കോവിച്ച് മടിക്കും. അമേരിക്കൻ സർക്കാർ വാക്സിൻ പ്രശ്‌നത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സാധ്യത കുറവാണ്. കോവിഡ് വാക്സിന് വേണ്ടി ആവശ്യത്തിലധികം വാദിച്ച ബൈഡൻ ഭരണകൂടം, ടെന്നീസിന് വേണ്ടി ഇളവ് നൽകിയാൽ പിന്നെ അതിന്റെ നിയമക്കുരുക്കുകൾക്ക് പുറകെ പോകേണ്ടി വരും.

യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ കളിക്കാരെ ബാൻ ചെയ്ത വിംബിൾഡൺ നടപടി യുഎസും പിന്തുടരുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. പക്ഷെ റഷ്യൻ ബെലുരൂഷ്യൻ കളിക്കാരെ യുഎസ് ഓപ്പൺ കളിക്കാൻ അനുവദിക്കും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്. അവിടങ്ങളിലെ സർക്കാരുകളുടെ നടപടികളുടെ പേരിൽ കളിക്കാരെ ശിക്ഷിക്കാൻ സാധിക്കില്ല എന്നാണ് അമേരിക്കൻ ടെന്നിസ് അധികൃതർ പറഞ്ഞത്. എങ്കിലും ഇത്തരം അവസരങ്ങളിൽ മുൻപ് പലപ്പോഴും ചെയ്തത് പോലെ ഒരു ന്യൂട്രൽ കൊടിക്ക് കീഴിലാകും ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ യുഎസ് ഓപ്പൺ കളിക്കുക. ഇക്കൊല്ലത്തെ ഫ്രഞ്ച് ഓപ്പണിലും ഇതേ സംവിധാനമായിരുന്നു. ഇത് ഏറെ സഹായകമാകുക റഷ്യയിൽ നിന്നുള്ള ലോക ഒന്നാം നമ്പർ കളിക്കാരൻ മെദ്വദേവിനാണ്‌.

ജോക്കോവിച്ച് വരില്ലെങ്കിലും, നദാൽ കളിക്കാൻ സാദ്ധ്യതയുണ്ട്. ഇപ്പോഴുള്ള പരിക്ക് മൂന്നാഴ്ചക്കുള്ളിൽ ഭേദമാകും എന്നാണ് ടീം നദാൽ കരുതുന്നത്. ഫെഡറർ സെപ്റ്റംബറിൽ കളിക്കളത്തിലേക്കു തിരിച്ചു വരുമെന്നാണ് പറഞ്ഞത്, അത് കൊണ്ട് ഓഗസ്റ്റ് 29ന് തുടങ്ങുന്ന ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ സാദ്ധ്യത കുറവാണ്. പക്ഷെ ഇത്തവണ അമരിക്കൻ കാണികൾ ഏറെ കാത്തിരിക്കുന്നത് നിക്ക് കിരിയോസിന്റെ കളി കാണാനാണ് എന്നാണ് അവിടുന്നുള്ള പത്രപ്രവർത്തകൻ സുഹൃത്ത് പറഞ്ഞത്. പക്ഷെ ‘കളി’ കാണാൻ തന്നെയാണോ എന്നു എനിക്കത്ര ഉറപ്പില്ല!