ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. പതിനെട്ടാമത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് അമേരിക്കൻ നഗരം ആയ യുജിൻ, ഒറഗൺ ആണ് വേദിയാവുന്നത്. ഈ മാസം 15 നു തുടങ്ങുന്ന ചാമ്പ്യൻഷിപ്പ് ഈ മാസം 24 നു ആണ് അവസാനിക്കുന്നത്. ഇത് ചരിത്രത്തിൽ ആദ്യമായാണ് അമേരിക്ക ലോക ചാമ്പ്യൻഷിപ്പിന് വേദി ആവുന്നത്. 49 ഇനങ്ങളിൽ ആണ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പരസ്പരം മാറ്റുരക്കുക. അടുത്ത ടോക്കിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനം ഇന്ത്യൻ താരങ്ങൾ ആവർത്തിക്കും എന്ന പ്രതീക്ഷയിൽ വലിയ സംഘത്തെ തന്നെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിന് അയച്ചിട്ടുള്ളത്. ടോക്കിയോയിൽ ജാവലിൻ ത്രോയിൽ ചരിത്രം തിരുത്തി സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷ. അമേരിക്കയിലും നീരജിന് തന്നെയാണ് ഈ ഇനത്തിൽ സ്വർണം നേടാൻ സാധ്യത കൽപ്പിക്കുന്നത്. ഈ അടുത്ത് ഡയമണ്ട് ലീഗിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ച നീരജ് മികച്ച ഫോമിലും ആണ്.
ലോങ് ജംപിൽ മത്സരിക്കുന്ന മലയാളിയും ദേശീയ റെക്കോർഡ് ഉടമയും ആയ മുരളി ശ്രീശങ്കറും തമിഴ്നാടിന്റെ ജെസ്വിൻ ആൾഡ്രിനും ഇന്ത്യക്ക് പ്രതീക്ഷ ഉള്ളവർ ആണ്. 20 കിലോമീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിയിൽ നിന്നും ഇന്ത്യ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. 3000 മീറ്റർ സ്റ്റീപിൾ ചേസിൽ ദേശീയ റെക്കോർഡ് ഉടമയായ അവിനാശ് സാബിളും ഇന്ത്യക്ക് പ്രതീക്ഷയുള്ള താരമാണ്. 22 അംഗ ടീം ആണ് ഇന്ത്യക്ക് ആയി ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക. ഇതിൽ ഏറ്റവും കൂടുതൽ അത്ലറ്റുകൾ കേരളത്തിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള 8 പേരാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി അമേരിക്കയിൽ മത്സരിക്കാൻ ഇറങ്ങുന്നത്. കേരളത്തിൽ നിന്ന് പുരുഷന്മാരുടെ ലോങ് ജംപിൽ മുരളി ശ്രീശങ്കർ, മുഹമ്മദ് അനീസ് യഹിയ എന്നിവർ ഇറങ്ങുമ്പോൾ പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ എന്നിവർ ഇറങ്ങുമ്പോൾ പുരുഷ ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, എൽദോസ് പോളും ഇന്ത്യക്ക് ആയി ട്രാക്കിൽ ഇറങ്ങും.
തമിഴ്നാടിൽ നിന്നു 5 പേരും ഉത്തർ പ്രദേശിൽ നിന്നു 4 പേരും മഹാരാഷ്ട്ര, ന്യൂ ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഇന്ത്യക്ക് ആയി അമേരിക്കയിൽ ട്രാക്കിൽ ഇറങ്ങും നീരജ് ചോപ്ര അടക്കം 2 പേരാണ് ഹരിയാനയിൽ നിന്നു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്ന് രാത്രി മുതൽ സോണി ടെൻ 2, സോണി ടെൻ 2 എച്ച്.ഡി എന്നിവയിൽ ടിവിയിലും സോണി ലിവിൽ ഇന്റർനെറ്റിലും തത്സമയം കാണാൻ സാധിക്കും. 2003 ൽ പാരീസിൽ വെങ്കല മെഡൽ നേടിയ മലയാളി താരം അഞ്ജു ബോബി ജോർജ് മാത്രം ആണ് ഇത് വരെ ചരിത്രത്തിൽ ഇന്ത്യക്ക് ആയി ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക താരം. അഞ്ജുവിന് കൂട്ടായി ആരെങ്കിലും എത്തുമോ എന്നു നമുക്ക് കണ്ടു തന്നെ അറിയാം.