വനിത യൂറോ കപ്പിൽ നിലവിലെ ജേതാക്കൾ ആയ ഹോളണ്ടിനു ഗ്രൂപ്പ് സിയിൽ സമനില തുടക്കം. സ്വീഡൻ ആണ് ഡച്ച് ടീമിനെ സമനിലയിൽ പിടിച്ചത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം ആണ് നേടിയത്. 2019 ലോകകപ്പ് സെമിയിൽ തോൽപ്പിച്ച ടീമിന് എതിരെ പ്രതികാരം തേടിയാണ് ഈ വർഷം പരാജയം അറിയാത്ത സ്വീഡൻ ഷെഫീൾഡിൽ മത്സരത്തിന് ഇറങ്ങിയത്. അതേസമയം അത്ര മികച്ച ഫോമിൽ അല്ലായിരുന്നു അടുത്ത കാലത്ത് ഡച്ച് പട. മികച്ച തുടക്കം ലഭിച്ച സ്വീഡൻ തുടക്കത്തിൽ തന്നെ അവസരങ്ങൾ തുറന്നു. 22 മത്തെ മിനിറ്റിൽ പരിക്ക് ഏറ്റ ഗോൾ കീപ്പറും ടീം ക്യാപ്റ്റനും ആയ സാറി വാൻ പുറത്ത് പോയത് ഹോളണ്ടിനു വലിയ തിരിച്ചടിയായി.
35 മത്തെ മിനിറ്റിൽ മികച്ച തുടക്കം സ്വീഡൻ ഗോൾ ആക്കി മാറ്റി. വലത് ഭാഗത്ത് മാന്ത്രിക ചലനങ്ങളും ആയി റയൽ മാഡ്രിഡ് താരം കൊസോവരെ അസ്‌ലാനി എതിരാളിയെ നട്മങ് ചെയ്തു മറികടന്നു നൽകിയ പാസിൽ നിന്നു ഇടത് ബാക്ക് യോന ആന്റേഴ്‌സൻ സ്വീഡന് മത്സരത്തിൽ മുൻതൂക്കം നൽകി. 71 മത്തെ മത്സരത്തിൽ ചെൽസി താരം നേടുന്ന മൂന്നാമത്തെ ഗോൾ ആയിരുന്നു ഇത്. തുടർന്നും സ്വീഡിഷ് മുൻതൂക്കം ആണ് കാണാൻ ആയത്. യുവന്റസ് താരം ലിന ഹർട്ടിഗിനെ ഗോൾ നേടുന്നതിൽ നിന്നു തടയുന്നതിന് ഇടയിൽ പ്രതിരോധ താരം അനിയക് നൗവനും പരിക്കേറ്റു പുറത്ത് പോയതോടെ ഹോളണ്ട് വീണ്ടും തളർന്നു. ടൂർണമെന്റിൽ ചെൽസി പ്രതിരോധ താരത്തിന് ഇനി കളിക്കാൻ ആവുമോ എന്നു സംശയം ആണ്.
ഇതിനു തൊട്ടു പിറകെ കൗണ്ടർ അറ്റാക്കിൽ ലഭിച്ച അവസരം ലക്ഷ്യം കാണാൻ ലിയോണിന്റെ ഡാനിയേല വാൻ ഡെ ഡോങ്കിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ഹോളണ്ട് സമനില ഗോൾ കണ്ടത്തി. എന്നത്തേയും പോലെ ആഴ്‌സണൽ സൂപ്പർ താരം വിവിയനെ മിയെദെമ ഡച്ച് പടയുടെ രക്ഷക്ക് എത്തി. മിയെദെമ അതുഗ്രൻ നീക്കത്തിലൂടെ സൃഷ്ടിച്ച അവസരത്തിൽ നിന്നു ലഭിച്ച പന്ത് സഹ മുന്നേറ്റ നിര താരം ജിൽ റൂർഡ് ലക്ഷ്യം കാണുക ആയിരുന്നു. വോൾവ്സ്ബർഗ് താരത്തിന്റെ മികച്ച ഷോട്ട് സ്വീഡിഷ് ഗോൾ കീപ്പർക്ക് ഒരവസരവും നൽകിയില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഹോളണ്ട് ആണ് കൂടുതൽ അപകടകാരികൾ ആയത്. ഇടക്ക് മികച്ച രക്ഷപ്പെടുത്തൽ നടത്തി സ്വീഡന്റെ പകരക്കാരി ഗോൾ കീപ്പർ വാൻ ഡോമ്സലാർ. ഗ്രൂപ്പിൽ അടുത്ത മത്സരത്തിൽ ഹോളണ്ട് പോർച്ചുഗല്ലിനെ നേരിടുമ്പോൾ സ്വിസ് വെല്ലുവിളി ആണ് സ്വീഡനെ കാത്തിരിക്കുന്നത്.