വിമ്പിൾഡൺ സെന്റർ കോർട്ടിന്റെ റൂഫ് ടോപ്പിനും തടുക്കാൻ പറ്റാത്ത ഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്. കൊറോണ തട്ടി തകർത്ത സ്പോർട്സ് മേഖല പതിയെ തിരിച്ചു വരുന്ന വാർത്തകൾക്കിടയിലാണ് കഴിഞ്ഞ ദിവസം വിമ്പിൾഡൺ ഒരു കോർട്ട് കുലുങ്ങുന്ന പ്രഖ്യാപനം നടത്തിയത്. റഷ്യൻ, ബെലറൂഷിയൻ കളിക്കാരെ ഇക്കൊല്ലത്തെ ആൾ ഇംഗ്ലണ്ട് ഗ്രാസ് ലോൺ ടെന്നീസ് ടൂർണമെന്റിൽ പങ്കെടിപ്പിക്കില്ലെന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജർമൻ, ജാപ്പനീസ് കളിക്കാരെ ഇത് പോലെ ബാൻ ചെയ്തതിനു ശേഷം ആദ്യമായാണ് ടെന്നീസ് കളിക്കാരെ ഒരു ടൂർണമെന്റിൽ നിന്ന് വിലക്കുന്നത്. യുക്രെയിൻ യുദ്ധത്തിന്റെ പേരിലാണ് വിലക്ക്.
ടെന്നീസ് ഒരു വ്യക്തിഗത കളിയാണെന്നും, വിമ്പിൾഡൺ പോലുള്ള ടൂര്ണമെന്റുകൾക്ക് രാഷ്ട്രങ്ങളുമായും, ടെന്നീസ് അസ്സോസിയേഷനുകളുമായും ബന്ധമില്ലെന്നും, അതിനാൽ ഈ വിലക്ക് അംഗീകരിക്കാൻ പറ്റില്ലെന്ന് ലോകമെമ്പാടുമുള്ള ടെന്നീസ് കളിക്കാർ പറഞ്ഞെങ്കിലും, യുദ്ധം തുടങ്ങിയ ഉടൻ പട്ടാളത്തിൽ ചേർന്ന യുക്രെയിൻ കളിക്കാർ മറിച്ചാണ് പറഞ്ഞത്.
കളിക്കാരുടെ സംഘടനയായ ATP & WTA ഈ വിലക്കുകളെ വിമർശിച്ചിട്ടുണ്ട്. റഷ്യൻ കളിക്കാരനായ മെദ്വദേവ് ഇപ്പോൾ ലോക രണ്ടാം റാങ്ക് കളിക്കാരനാണ്, കൂടാതെ ബെലറൂസ് കളിക്കാരിയായ ആര്യനാ സാബലെങ്ക വനിതകളിൽ നാലാം റാങ്കും. ഈ ബാൻ വംശീയ വിവേചനമാണെന്നു പറയുന്നവരും ഉണ്ട്. ലോക ഒന്നാം റാങ്ക് കളിക്കാരനും, കൊറോണ സമയത്തു വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറേണ്ടി വന്ന ജോക്കോവിച് ഇതൊരു ഭ്രാന്തൻ തീരുമാനമാണ് എന്നാണു പറഞ്ഞത്.
കളി തുടങ്ങുന്ന ജൂൺ 27ന് മുൻപ് സ്ഥിതിഗതികൾ മാറിയാൽ തീരുമാനം മാറ്റിയേക്കാം എന്ന് വിമ്പിൾഡൺ പറഞ്ഞിട്ടുണ്ട്. അടുത്താഴ്ച മാഡ്രിഡിൽ നടക്കുന്ന ATP & WTA ചർച്ചകളിൽ ഈ വിഷയം ഉൾപ്പെടും എന്ന് അറിയിച്ചിട്ടുണ്ട്.