വിംബിൾഡൺ മൂന്നാം റൗണ്ടിൽ തന്റെ സ്വാഭാവിക മികവിലേക്ക് ഉയർന്നില്ലെങ്കിലും അനായാസ ജയവുമായി ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. അമേരിക്കൻ താരം ഡെന്നിസ് കുഡ്ലയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് തകർത്തത്. ഇതോടെ വിംബിൾഡണിൽ 75 ജയവും ജ്യോക്കോവിച്ച് കുറിച്ചു. നാലു ഗ്രാന്റ് സ്‌ലാമുകളിലും 75 ജയം കുറിക്കുന്ന ആദ്യ താരം കൂടിയായി ജ്യോക്കോവിച്ച് ഇതോടെ. മത്സരത്തിൽ മികച്ച കളി പുറത്ത് എടുത്തെങ്കിലും ജ്യോക്കോവിച്ചിന്റെ മികവിന് മുന്നിൽ അമേരിക്കൻ താരത്തിന് പിടിച്ചു നിൽക്കാൻ ആയില്ല. ആദ്യ സെറ്റ് 6-4 നും രണ്ടാം സെറ്റ് 6-3 നും നേടിയ ജ്യോക്കോവിച്ച് മൂന്നാം സെറ്റിൽ ആദ്യം ബ്രൈക്ക് വഴങ്ങി 3-0 നു പിന്നിലായി. എന്നാൽ തിരിച്ചടിച്ച സെർബിയൻ താരം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി.
ടൈബ്രേക്കറിൽ ആദ്യം മികച്ച തുടക്കം ആണ് അമേരിക്കൻ താരത്തിന് ലഭിച്ചത്. എന്നാൽ അവിശ്വസനീയം ആയ വിധം പ്രതിരോധിച്ചു കളിച്ച ജ്യോക്കോവിച്ച് ഓരോ പോയിന്റുകളും അമേരിക്കൻ താരത്തിൽ നിന്നു തട്ടിയെടുത്തു. ഒടുവിൽ ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കി മത്സരം മൂന്നു സെറ്റിൽ ജ്യോക്കോവിച്ച് സ്വന്തമാക്കി. 17 സീഡ് ക്രിസ്റ്റിയൻ ഗാരിൻ ആണ് നാലാം റൗണ്ടിൽ ജ്യോക്കോവിച്ചിന്റെ എതിരാളി. പെട്രോ മാർട്ടിനസിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നാണ് ഗാരിൻ നാലാം റൗണ്ടിൽ എത്തിയത്. സിറ്റിപാസിനെ അട്ടിമറിച്ച ഫ്രാൻസസ് ടിയഫോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു റഷ്യയുടെ 25 സീഡ് കാരൻ ഖാചനോവും 22 സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർദയും വിംബിൾഡൺ നാലാം റൗണ്ടിൽ എത്തിയിട്ടുണ്ട്.