വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. തുടർച്ചയായ പതിനാറാം ജയം ഗ്രാന്റ് സ്‌ലാമിലും വിംബിൾഡണിലും കുറിച്ച ജ്യോക്കോവിച്ച് 2018 ൽ താൻ വിംബിൾഡൺ ഫൈനലിൽ തോൽപ്പിച്ച ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്‌സനു ഒരു അവസരവും മത്സരത്തിൽ നൽകിയില്ല. കഴിഞ്ഞ കളിയിൽ എന്ന പോലെ ഇടക്ക് ജ്യോക്കോവിച്ച് ഇന്നും തെന്നി വീണെങ്കിലും അതൊന്നും ലോക ഒന്നാം നമ്പറിനെ ബാധിച്ചില്ല. 6-3, 6-3, 6-3 എന്ന സ്കോറിന് മത്സരം പെട്ടെന്ന് തീർത്ത ജ്യോക്കോവിച്ച് 9 ഏസുകൾ ഉതിർത്ത് മികച്ച സർവീസ് ഗെയിം പുറത്ത് എടുത്തപ്പോൾ 8 തവണ ബ്രൈക്ക് അവസരവും തുറന്നു. ഇതിൽ നാലെണ്ണവും മുതലാക്കിയ ജ്യോക്കോവിച്ച് വലിയ പ്രയാസമില്ലാതെ തന്റെ ഇരുപതാം ഗ്രാന്റ് സ്‌ലാം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറി.
അതേസമയം ഏഴാം സീഡ് മറ്റയോ ബരെറ്റിനി അർജന്റീനൻ താരം ഗെയ്‌ഡോ പെല്ലയെ മറികടന്നു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്നലെ സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച മത്സരം ഇന്നാണ് പൂർത്തിയാക്കിയത്. നാലു സെറ്റ് പോരാട്ടം കണ്ട മത്സരത്തിൽ 6-4 ആദ്യ സെറ്റ് നേടിയ ബരെറ്റിനി രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റ് 6-4 നു നേടിയ ഇറ്റാലിയൻ താരം നാലാം സെറ്റിൽ എതിരാളിയെ നിലം തൊടീച്ചില്ല. 6-0 നു സെറ്റ് നേടിയ ഇറ്റാലിയൻ ഒന്നാം നമ്പർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം 11 സീഡ് സ്പാനിഷ് താരം പ്ലാബോ കരെനോ ബുസ്റ്റ ആദ്യ റൗണ്ടിൽ വീണു. വലിയ സർവീസുകൾക്ക് പേരു കേട്ട സാം കുരെയാണ് ബുസ്റ്റയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു അമേരിക്കൻ താരത്തിന്റെ ജയം. 22 ഏസുകൾ മത്സരത്തിൽ അടിച്ച സാം 7-6, 6-4, 7-5 എന്ന സ്കോറിന് മത്സരം സ്വന്തമാക്കുക ആയിരുന്നു.