ആദ്യ സെറ്റിൽ അത്ഭുതം കാണിച്ചു 19 കാരൻ, ശേഷം അനായാസം ജയിച്ചു കയറി ജ്യോക്കോവിച്ച്

Wasim Akram

വിംബിൾഡൺ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. 19 കാരനായ ബ്രിട്ടീഷ് വൈൽഡ് കാർഡ് ജാക്ക് ഡ്രെപ്പറിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് തന്റെ ഇരുപതാം ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ച് തോൽപ്പിച്ചത്. ആദ്യ സെറ്റിലെ ആദ്യ സർവീസിൽ തന്നെ ജ്യോക്കോവിച്ചിനെ ബ്രൈക്ക് ചെയ്തു ആരാധകരെ ഞെട്ടിച്ച ജാക്ക് ആ സെറ്റ് 6-4 നു നേടിയത് അത്ഭുത കാഴ്ചയായി. ആദ്യ സെറ്റിൽ പലപ്പോഴും തന്റെ മികവിലേക്ക് ഉയരാത്ത ജ്യോക്കോവിച്ച് രണ്ടാം സെറ്റ് മുതൽ തന്റെ മികവിലേക്ക് ഉയർന്നു. തുടർന്ന് അനായാസം പോയിന്റുകൾ നേടുന്ന ജ്യോക്കോവിച്ചിനെ ആണ് കാണാൻ ആയത്. പലപ്പോഴും പുൽ മൈതാനത്ത് ഇരു താരങ്ങളും തെന്നി വീഴുന്നതും മത്സരത്തിൽ കണ്ടു.

രണ്ടാം സെറ്റ് മുതൽ ഓരോ സെറ്റിലും ഇരട്ട ബ്രൈക്കുകൾ കണ്ടത്തിയ ജ്യോക്കോവിച്ച് 6-1, 6-2, 6-2 എന്ന സ്കോറിന് മത്സരം പെട്ടെന്ന് അവസാനിപ്പിച്ചു. മത്സരത്തിൽ 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ജാക്കിന്‌ എതിരെ ഒരൊറ്റ സർവീസ് ഇരട്ടപ്പിഴവ് മാത്രം വരുത്തിയ ജ്യോക്കോവിച്ച് 25 ഏസുകൾ ആണ് അടിച്ചത്. ജ്യോക്കോവിച്ച് ഒരു മത്സരത്തിൽ അടിക്കുന്ന ഏറ്റവും കൂടുതൽ ഏസുകൾക്ക് ഒന്നു മാത്രം കുറവാണ് ഈ സംഖ്യ. തുടർച്ചയായ മൂന്നാം കിരീടം ആർക്കും എളുപ്പം വിട്ട് നൽകില്ല എന്ന സൂചന ജ്യോക്കോവിച്ച് മത്സരത്തിൽ നൽകി. അതേസമയം ഗ്രാന്റ് സ്‌ലാം അരങ്ങേറ്റത്തിൽ സ്വപ്നസമാനമായ തുടക്കം ലഭിച്ച ആത്മവിശ്വാസത്തിൽ ആണ് ജാക്ക് മടങ്ങുക. ഗ്രാന്റ് സ്‌ലാമിലെയും വിംബിൾഡണിലെയും തുടർച്ചയായ 15 മത്തെ ജയം ആണ് നൊവാക് ജ്യോക്കോവിച്ചിനു ഇത്.