നാലു വർഷങ്ങൾക്ക് ശേഷം വിംബിൾഡൺ തിരിച്ചു വരവിൽ നാലു സെറ്റ് പോരാട്ടം ജയിച്ചു ആന്റി മറെ. 24 സീഡ് നിക്കോളാസിന് എതിരെ 6-4, 6-3, 5-7, 6-3 എന്ന സ്കോറിന് ആണ് മറെ ജയം കണ്ടത്. മത്സരത്തിൽ 17 ഏസുകൾ ഉതിർത്ത മറെ 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 8 തവണയാണ് ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-4 നു നേടിയ മറെ രണ്ടാം സെറ്റ് 6-3 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ 5-0 നു മുന്നിലെത്തിയ മറെ അനായാസ ജയം കാണും എന്നു തോന്നിയെങ്കിലും തിരിച്ചടിച്ച 24 സീഡ് തുടർച്ചയായി 7 ഗെയിമുകൾ നേടി 7-5 നു സെറ്റ് നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിലെ നിരാശ മറന്ന മറെ നാലാം സെറ്റ് 6-3 നു നേടി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ടു തവണ വിംബിൾഡൺ ജേതാവ് ആയ മറെ മികച്ച ഒരു പ്രകടനം തന്നെയാവും വിംബിൾഡണിൽ ലക്ഷ്യം വക്കുക.
സീഡ് ചെയ്യാത്ത അർജന്റീനൻ താരത്തിന് എതിരെ ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷമാണ് അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവ് ജയം കണ്ടത്. 7 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്ത റൂബ്ലേവ് 6-4, 6-1, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും നാലും സെറ്റുകൾ നേടി മത്സരം സ്വന്തമാക്കി. ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് എട്ടാം സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യുറ്റ് തോൽപ്പിച്ചത്. സ്‌കോർ : 6-2, 3-6, 6-3, 7-6. അതേസമയം 19 സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ ആദ്യ റൗണ്ടിൽ പുറത്തായി. ഹംഗറിയുടെ മാർട്ടൻ ഫുക്സോവിക്സ് ആണ് സിന്നറെ അട്ടിമറിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു സിന്നറുടെ തോൽവി. സ്‌കോർ : 5-7, 6-3, 7-5, 6-3. അതേസമയം വെളിച്ചക്കുറവ് മൂലം പല മത്സരങ്ങളും ഇന്ന് താൽക്കാലികമായി നിർത്തി വക്കേണ്ടി വന്നു.