നിലവിലെ ജേതാവും ലോക മൂന്നാം നമ്പർ താരവും ആയ റൊമാനിയൻ താരം സിമോണ ഹാലപ്പ് വിംബിൾഡണിൽ നിന്നു പിന്മാറി. കാഫ് ഇഞ്ച്വറിയെ തുടർന്നു ഫ്രഞ്ച് ഓപ്പണും കളിമണ്ണ് സീസണും നഷ്ടമായ ഹാലപ്പ് വിംബിൾഡണിലൂടെ തിരിച്ചു വരാൻ ഇരുന്നത് ആയിരുന്നു. തിരിച്ചു വരവ് പ്രഖ്യാപിച്ച ശേഷം എന്നാൽ തന്റെ പരിക്ക് പൂർണമായും മാറിയിട്ടില്ല എന്നു പറഞ്ഞ ഹാലപ്പ് ടൂർണമെന്റിൽ നിന്നു പിന്മാറുന്ന വിവരം സാമൂഹിക മാധ്യമങ്ങൾ വഴി അറിയിക്കുക ആയിരുന്നു. താൻ പരമാവധി ശ്രമിച്ചു എങ്കിലും തന്റെ ശരീരം വിംബിൾഡൺ കളിക്കാൻ തയ്യാറല്ല എന്നതിനാൽ ആണ് പിന്മാറ്റം എന്നു പറഞ്ഞ ഹാലപ്പ് തനിക്ക് വിംബിൾഡണിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വലിയ ദുഃഖവും പങ്ക് വച്ചു. അടുത്ത വർഷം ശക്തമായി തിരിച്ചു വരാൻ ആവും എന്ന പ്രതീക്ഷയും റൊമാനിയൻ താരം പങ്ക് വച്ചു.
നേരത്തെ ലോക രണ്ടാം നമ്പർ താരം ആയ നയോമി ഒസാക്കയും വിംബിൾഡണിൽ നിന്നു പിന്മാറിയിരുന്നു. മാനസിക ആരോഗ്യം കണക്കിലെടുത്ത് ഫ്രഞ്ച് ഓപ്പണിന്റെ ഇടയിൽ വച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്നും ഒസാക്ക പിന്മാറിയിരുന്നു. ഇതോടെ ഒന്നാം സീഡും ലോക ഒന്നാം നമ്പറും ആയ ഓസ്‌ട്രേലിയൻ താരം ആഷ്ലി ബാർട്ടിക്ക് പിറകിൽ രണ്ടാം സീഡ് ആയി ബെലാറസ് താരം ആയ ആര്യാന സബലങ്ക മാറും. തന്റെ തീരുമാനത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ 29 കാരിയായ ഹാലപ്പ് തുടർച്ചയായി ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നീ രണ്ടു ഗ്രാന്റ് സ്‌ലാമുകൾ കളിക്കാൻ പറ്റാത്തതിൽ നിരാശയും പങ്ക് വച്ചു. എന്നാൽ ഭാവിയിൽ മികച്ച വ്യക്തി ആയും കായിക താരമായും തനിക്ക് മാറാൻ ഈ അവസരം ഉപകരിക്കും എന്ന പ്രത്യാശയും താരം പങ്ക് വച്ചു.