ഇന്നലെ വിംബിൾഡണിൽ കളി കാര്യമായി. മെൻസ് സിംഗിൾസിൽ മൂന്നാം റൗണ്ടിൽ സീഡുകളുടെ വിളയാട്ടമായിരിന്നു. ഫൈവ് സെറ്ററുകൾ പ്രതീക്ഷിച്ചു സാധാരണയിലും കുറച്ചു കളികൾ മാത്രമേ ടൂർണമെന്റ് അധികൃതർ ഷെഡ്യുൾ ചെയ്തിരുന്നുള്ളൂ. പക്ഷെ മിക്ക കളികളും മൂന്ന് സെറ്റിൽ തീർന്നു. പക്ഷെ കളിയുടെ ഭംഗിയെയും വാശിയേയും അത് ഒട്ടും കുറച്ചില്ല.
സ്പാനിഷ് നക്ഷത്രം അൽക്കറാസ് ജർമൻ ഒട്ടേയെ നേരിട്ടുള്ള മൂന്ന് സെറ്റിനാണ് തോൽപ്പിച്ചത്. 6/3, 6/1, 6/2 എന്ന സ്‌കോർ പക്ഷെ ആ കളിയുടെ യഥാർത്ഥ കഥ പറയുന്നില്ല. അൽക്കറാസ് എന്ന ഭാവി ചാമ്പ്യൻ്റെ മിന്നലാട്ടം കണ്ട പ്രകടനമായിരുന്നു. ഒട്ടേ തൻ്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു, പക്ഷെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.
രണ്ടാം കോർട്ടിൽ നടന്ന മറ്റൊരു മൂന്നാം റൗണ്ട് കളി പ്രേക്ഷക ശ്രദ്ധ ഏറെ നേടി. പത്താം സീഡ് യാനിക്ക് സിന്നറും, ഇരുപതാം സീഡ് ജോൺ ഐസ്നറെ 6/4,7/6 (7/4),6/3 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. 2.08m ഉയരമുള്ള ഐസ്നറുടെ 24 ഏസുകൾക്കും സിന്നറേ തടുക്കാൻ സാധിച്ചില്ല. പവർ ഷോട്ടുകളുടെ ചാകരയായിരിന്നു ഈ ഗെയിം. എടിപി ടൂറിൽ ഏറ്റവും കൂടുതൽ ഏസുകൾ ചെയ്യുന്ന കളിക്കാരനായി ജോൺ ഐസ്നർ. പ്രൊഫെഷണൽ ടെന്നിസിലേക്ക് കാലെടുത്തു വച്ചിട്ട് വെറും 4 വര്ഷം മാത്രമായ ഇറ്റലിക്കാരൻ സിന്നർ വരും കാലങ്ങളിൽ ഉയർന്ന് കേൾക്കാൻ സാധ്യതയുള്ള പേരാണ്.
വനിതകളുടെ സിംഗിൾസിൽ മെർറ്റനസ് കെർബെറെ അട്ടിമറിച്ചത് മാറ്റി വച്ചാൽ വേറെ കാര്യമായ അത്ഭുതങ്ങൾ ഒന്നും നടന്നില്ല. ഓൺസ് ജാബർ, കരോലിൻ ഗാർസിയ, ഓസ്റ്റപെങ്കൊ, കോകോ എന്നിവരെല്ലാം നാലാം റൗണ്ടിൽ കടന്നു.
മിക്സഡ് ഡബിൾസിൽ ജേമി മറെ വീനസ് വില്യംസ് കൂട്ടുകെട്ട് മുന്നേറി. സ്റ്റാർ ജോഡി എന്ന നിലക്ക് ആ കാളി കാണാനും ഗാലറി നിറഞ്ഞു. ഇന്ത്യയുടെ സാനിയ മിർസ വിമൻസ് ഡബിൾസിൽ ഒന്നാം റൗണ്ടിൽ പുറത്തായപ്പോൾ, മിക്സഡ് ഡബിൾസിൽ മൂന്നാം റൗണ്ടിലേക്ക് കടന്നു. ഇത് തൻ്റെ അവസാന വിമ്പിൾഡൺ ആയിരിക്കും എന്ന് സാനിയ പറഞ്ഞിട്ടുണ്ട്.
ഇന്ന് നദാൽ തൻ്റെ മൂന്നാം റൗണ്ട് മാച്ച് കളിക്കുന്നുണ്ടെങ്കിലും, അതെ സമയത്തു നടക്കാൻ സാധ്യതയുള്ള കിറിയോസ്, മത്സരത്തിലാകും ടെന്നീസ് ലോകത്തിൻ്റെ ശ്രദ്ധ.