മുൻ വിംബിൾഡൺ ജേതാവ് ആഞ്ചലി കെർബറെ സെമിഫൈനലിൽ വീഴ്‌ത്തി ഒന്നാം സീഡ് ആഷ് ബാർട്ടി വിംബിൾഡൺ ഫൈനലിൽ. 1980 നു ശേഷം വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഓസ്‌ട്രേലിയൻ താരം ആയ ബാർട്ടിക്ക് 2019 ലെ ഫ്രഞ്ച് ഓപ്പൺ നേട്ടത്തിന് ശേഷം ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കൂടിയാണ് ഇത്. നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട ആഷ് ബാർട്ടി മുൻ വിംബിൾഡൺ ജൂനിയർ ജേതാവ് കൂടിയാണ്. 2016 നു ശേഷം ആദ്യമായി ഒന്നാം സീഡ് ആയി വിംബിൾഡൺ ജയിക്കാൻ ആവും ബാർട്ടി ശ്രമം, 2016 ൽ സെറീന വില്യംസ് ജയിച്ച ശേഷം വിംബിൾഡണിൽ ഒന്നാം സീഡ് ആയ താരം ഇത് വരെ ജേതാവ് ആയിട്ടില്ല. മികച്ച പ്രകടനം ആണ് 2018 ലെ ജേതാവ് ആയ കെർബറിനു എതിരെ ബാർട്ടി പുറത്ത് എടുത്തത്. മികച്ച പക്വതയും താരം കാണിച്ചു.
ആദ്യ സെറ്റിൽ മികച്ച പ്രകടനം ആണ് ബാർട്ടി പുറത്തെടുത്തത്. ബ്രൈക്ക് കണ്ടത്തിയ ബാർട്ടി സെറ്റ് 6-3 നു നേടി മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് നേടിയ കെർബർ സെറ്റിൽ 5-2 നു മുന്നിലെത്തി. എന്നാൽ അവിടെ നിന്നു തിരിച്ചടിച്ച ബാർട്ടി ബ്രൈക്ക് തിരിച്ചു പിടിച്ചു സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. വാശിയേറിയ ടൈബ്രേക്കറിൽ ജയം കണ്ട ബാർട്ടി നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു വിംബിൾഡൺ ഫൈനലിലേക്ക്. ഇതോടെ 25 സീഡ് ആയ കെർബറിന്റെ സ്വപ്നകുതിപ്പ് വിംബിൾഡണിൽ അവസാനിച്ചു. തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാമും ആദ്യ വിംബിൾഡൺ കിരീടവും ആവും ബാർട്ടി ഫൈനലിൽ ലക്ഷ്യം വക്കുക.