വിംബിൾഡണിൽ തുടർച്ചയായ ഇരുപത്തിയഞ്ചാം ജയവുമായി കരിയറിലെ പതിമൂന്നാം വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. 2018 നു ശേഷം പുൽ മൈതാനത്ത് തോൽവി അറിയാത്ത ജ്യോക്കോവിച്ച് സീഡ് ചെയ്യാത്ത ഡച്ച് താരം ടിം വാൻ റിജ്തോവനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് അവസാന എട്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ ആദ്യ സെറ്റിൽ ഡബിൾ ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-1 നു നേടി നയം വ്യക്തമാക്കി. മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത് നന്നായി സർവീസ് ചെയ്ത ഡച്ച് താരം രണ്ടാം സെറ്റിൽ പക്ഷെ നിർണായക ബ്രൈക്ക് കണ്ടത്തി. തുടർന്ന് സെറ്റ് 6-4 നു നേടി താരം മത്സരത്തിൽ ഒപ്പം എത്തി.
രണ്ടാം സെറ്റിലെ തിരിച്ചടി മൂന്നാം സെറ്റിൽ അനായാസം മറികടന്നു ജ്യോക്കോവിച്ച്. രണ്ടു ബ്രൈക്കുകൾ അനായാസം കണ്ടത്തിയ താരം 6-1 നു സെറ്റ് നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിലും പൊരുതി നോക്കാൻ ശ്രമിച്ച ഡച്ച് താരത്തിന്റെ വെല്ലുവിളി മറികടന്ന ജ്യോക്കോവിച്ച് ഡബിൾ ബ്രൈക്കുകൾ കണ്ടത്തി സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ഒരിക്കൽ ബ്രൈക്ക് വഴങ്ങിയ ജ്യോക്കോവിച്ച് 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത് ഒപ്പം 7 ഏസുകളും സെർബിയൻ താരം ഉതിർത്തു. അവസാന 2 സെറ്റുകളിൽ പിഴവില്ലാത്ത ടെന്നീസ് ആണ് ജ്യോക്കോവിച്ച് പുറത്ത് എടുത്തത്. ക്വാർട്ടർ ഫൈനലിൽ യുവ ഇറ്റാലിയൻ താരം യാനിക് സിന്നർ ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. ഏഴാം വിംബിൾഡൺ കിരീടവും, 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും തേടുന്ന ജ്യോക്കോവിച്ചിനെ വിംബിൾഡണിൽ ആർക്കെങ്കിലും തടയാൻ ആവുമോ എന്നു കണ്ടു തന്നെ അറിയണം.