ആദ്യ പന്തില്‍ ഗപ്ടില്‍ പുറത്ത്, മെല്ലെ തുടങ്ങിയെങ്കിലും ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ വില്യംസണ്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

കെയിന്‍ വില്യംസണിന്റെ മികവില്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 7 വിക്കറ്റ് വിജയം കുറിച്ച് ന്യൂസിലാണ്ട്. ആദ്യ പന്തില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടിലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോയുമായി ചേര്‍ന്ന് 41 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറിനെ കൂട്ടുപിടിച്ചാണ് ന്യൂസിലാണ്ടിന്റെ വിജയത്തിന്റെ അടിത്തറ പാകിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് നേടിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് അഫ്താഭ് അലം ആയിരുന്നു. 48 റണ്‍സ് നേടിയ റോസ് ടെയിലര്‍ പുറത്തായെങ്കിലും ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലാണ്ട് നായകന്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. തന്റെ പതിവ് ഇന്നിംഗ്സുകളുടെ മികവ് ഇന്നത്തെ കെയിന്‍ വില്യംസണ്‍ ഇന്നിംഗ്സിനില്ലായിരുന്നുവെങ്കിലും ന്യൂസിലാണ്ടിനെ മൂന്നാം ജയത്തിലേക്ക് നയിക്കുവാന്‍ അത മതിയാവുമായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബൗണ്ടറികള്‍ നേടി വില്യംസണ്‍ തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്തു.

79 റണ്‍സുമായി കെയിന്‍ വില്യംസണും 13 റണ്‍സ് നേടി ടോം ലാഥവുമാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ജെയിംസ് നീഷം(5 വിക്കറ്റ്) ലോക്കി ഫെര്‍ഗൂസണ്‍(4 വിക്കറ്റ്) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 172 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഹസ്മത്തുള്ള ഷഹീദി(59)യുടെ ഇന്നിംഗ്സ് മാത്രമാണ് അഫ്ഗാന്‍ നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം.