ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടർന്ന് ആസ്റ്റൺ വില്ല. ഫുൾഹാമിനോട് അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് നാണം കെട്ടത്. ഡഗ്ലസ് ലൂയിസ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ഹാരിസൺ റീഡ്, അലക്സാണ്ടർ മിട്രോവിച് എന്നിവർക്ക് പുറമെ മിങ്‌സിന്റെ സെൽഫ് ഗോളും വില്ലക്ക് വലിയ പരാജയം ഏൽപ്പിച്ചു. പരാജയത്തോടെ 17 സ്ഥാനത്തേക്ക് വില്ല പിന്തള്ളപ്പെട്ടു. ഫുൾഹാം ആവട്ടെ നിലവിൽ ഒമ്പതാം സ്ഥാനത്ത് ആണ്. മത്സരത്തിനു പിന്നാലെ താൻ പരിശീലക സ്ഥാനം രാജി വക്കില്ല എന്നു സ്റ്റീവൻ ജെറാർഡ് വ്യക്തമാക്കിയിരുന്നു.
എന്നാൽ പരാജയത്തിന് പിന്നാലെ അൽപ്പ സമയത്തിനുള്ളിൽ വില്ല തങ്ങളുടെ പരിശീലകനെ പുറത്താക്കി എന്നു അറിയിക്കുക ആയിരുന്നു. ഇത് വരെയുള്ള സേവനങ്ങൾക്ക് നന്ദി പറഞ്ഞ ക്ലബ് ജെറാർഡിനെ പുറത്താക്കിയത് ആയി അറിയിക്കുക ആയിരുന്നു. സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സിൽ നിന്നാണ് ലിവർപൂൾ ഇതിഹാസതാരം ജെറാർഡ് വില്ല പരിശീലകൻ ആവുന്നത്. മികച്ച തുടക്കം ലഭിച്ചു എങ്കിലും 40 കളികളിൽ നിന്നു 13 മത്സരങ്ങൾ ജയിക്കാനെ അദ്ദേഹത്തിന് ആയുള്ളൂ. 19 മത്സരങ്ങളിൽ ജെറാർഡിന്റെ വില്ല പരാജയം അറിഞ്ഞു. ഈ സീസണിൽ 11 കളികളിൽ നിന്നു രണ്ടു ജയവും 3 സമനിലയും മാത്രം ആണ് വില്ലക്ക് നേടാൻ ആയത്. 6 മത്സരങ്ങളിൽ പരാജയം അറിഞ്ഞ വില്ല ഇപ്പോൾ 17 മതും ആണ്. പുതിയ പരിശീലകൻ ആരെന്ന് വില്ല പിന്നീട് അറിയിക്കും.