ഫോർമുല വൺ കരിയറിലെ ആദ്യ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ചു റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർകിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെർസ്റ്റാപ്പൻ ഒന്നാം സ്ഥാനം നേടിയത്. ഏഴാം സ്ഥാനത്ത് നിന്ന് കയറി വന്ന റെഡ് ബുൾ ഡ്രൈവർക്ക് പലപ്പോഴും സേഫ്റ്റി കാർ ഗുണം ചെയ്തു. സേഫ്റ്റി കാറിന്റെ സാന്നിധ്യത്തിൽ ആയിരുന്നു റേസ് അവസാനിച്ചതും. തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ആണ് വെർസ്റ്റാപ്പൻ ജയിക്കുന്നത്.
റേസ് പോൾ പൊസിഷനിൽ തുടങ്ങിയ ഫെറാറിയുടെ ചാൾസ് ലെക്ലെർക് രണ്ടാമത് ആയപ്പോൾ രണ്ടാമത് ആയി റേസ് തുടങ്ങിയ മെഴ്‌സിഡസിന്റെ ജോർജ് റസൽ മൂന്നാമത് ആയി. ഫെറാറിയുടെ കാർലോസ് സൈൻസ് നാലാമത് ആയപ്പോൾ മെഴ്‌സിഡസിന്റെ മുൻ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ അഞ്ചാമത് എത്തി. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് ആണ് ആറാമത് എത്തിയത്. അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന് ആദരവ് അർപ്പിച്ചു ആണ് റേസ് തുടങ്ങിയത്. നിർമാതാക്കളുടെ വിഭാഗത്തിൽ റെഡ് ബുൾ ഏതാണ്ട് കിരീടം ഉറപ്പിച്ചപ്പോൾ അടുത്ത റേസിൽ മാക്‌സ് വെർസ്റ്റാപ്പനു ജയിക്കാൻ ആയാലും ലെക്ലെർക് പിന്നിൽ പോയാലും ലോക കിരീടം ഡച്ച് ഡ്രൈവർക്ക് സ്വന്തം പേരിലാക്കാം.