ഇന്ത്യൻ സൂപ്പർ ലീഗിലെ നല്ല ഫോം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി. ഇന്ന് ഹൈദരബാദ് എഫ് സി നേരിട്ട ഗോവ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ആൽവാരോ വാസ്കസ് പെനാൾട്ടി നഷ്ടപ്പെടുത്തിയത് ആണ് എഫ് സി ഗോവയ്ക്ക് തിരിച്ചടി ആയത്.
മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ ഹൈദരാബാദ് ഇന്ന് മുന്നിൽ എത്തി. ഒരു ത്രോയിൽ നിന്ന് ഒഗ്ബെചെയുടെ ഒരു ഫ്ലിക്ക് ഹെഡർ സിവിയേരോയെ കണ്ടെത്തി. താരം അനായാസം വല കണ്ടെത്തി ഹൈദരാബാദിന് ലീഡ് നൽകി.
രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ ആയിരുന്നു വാസ്കസ് ഒരു പെനാൾട്ടി ഗോവക്ക് നേടിക്കൊടുത്തത്. എന്നാൽ കിക്ക് എടുത്ത വാസ്കസിന് പിഴച്ചു. താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്.
ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് എത്തി. എഫ് സി ഗോവ 6 പോയിന്റുമായി നാലാമത് നിൽക്കുന്നു.