സെൽറ്റയെയും അട്ടിമറിച്ച് കുതിപ്പ് തുടർന്ന് അൽമേരിയ

ലാ ലീഗയിൽ പുതുതായി സ്ഥാനക്കയറ്റം നേടിയെത്തിയ അൽമേരിയക്ക് വമ്പൻ വിജയം. സ്വന്തം തട്ടകത്തിൽ തുടർച്ചായി മൂന്നാം ജയം നേടിയ അൽമേരിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെൽറ്റ വീഗൊയെയാണ് അട്ടിമറിച്ചത്. ഇതോടെ സെൽറ്റയെ മറികടന്ന് പോയിന്റ് പട്ടികയിൽ പതിമൂന്നാമത് എത്താനും അവർക്കായി. സെൽറ്റ പതിനഞ്ചാം സ്ഥാനത്താണ്. ജേതാക്കൾക്ക് വേണ്ടി ലസാരോ, ഡേ ലാ ഹോസ്, ഇഗ്വാരസ് എന്നിവർ സ്‌കോർ ചെയ്തപ്പോൾ സെൽറ്റക്ക് വേണ്ടി വെയ്ഗയാണ് ഗോൾ കണ്ടെത്തിയത്.

20221029 200501

സെൽറ്റ വീഗൊയാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. ഇരുപത്തിയഞ്ചാം മിനിറ്റിൽ കാർലെസ് പേരെസിന്റെ പാസ് സ്വീകരിച്ച ഗബ്രിയേൽ വെയ്ഗ സെൽറ്റക്ക് ലീഡ് നൽകി. എന്നാൽ വെറും ഏഴു മിനിട്ടുകൾക്ക് ശേഷം വെയ്ഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ മത്സരം സെൽറ്റയുടെ കയ്യിൽ നിന്നും വഴുതി.

രണ്ടാം പകുതിയിൽ വർദ്ധിത വീര്യത്തോടെ ഇറങ്ങിയ അൽമേരിയ അമ്പത്തിരണ്ടാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. ലസാരോയാണ് വല കുലുക്കിയത്. അറുപതാം മിനിറ്റിൽ അൽമേരിയ ആദ്യമായി മത്സത്തിൽ മുന്നിലെത്തി. ബോക്സിന് പുറത്തു നിന്നും സീസർ ഡേ ലാ ഹോസ് തൊടുന്ന മികച്ചൊരു ഷോട്ട് കീപ്പറേയും മറികടന്ന് വലയിൽ എത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഇനിഗോ ഇഗ്വാരസ് നേടിയ ഗോളോടെ ആതിഥേയർ പട്ടിക പൂർത്തിയായി.