മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ വിന്നിപെഗ് ഹോക്ക്സിനെതിരെ ജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ഫൈനലില്‍ വിന്‍ഡീസ് ബോര്‍ഡ് ടീം ആണ് എതിരാളികള്‍. മത്സരത്തില്‍ നൈറ്റ്സ് ആദ്യം ബാറ്റ് ചെയ്ത് 13 ഓവറില്‍ 152/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ 8.3 ഓവറില്‍ 84/5 എന്ന നിലയില്‍ ഹോക്ക്സ് നില്‍ക്കുമ്പോളാണ് മഴ കളി മുടക്കി വീണ്ടും എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ 13 റണ്‍സിന്റെ വിജയം നൈറ്റ്സ് സ്വന്തമാക്കി.
26 പന്തില്‍ 45 റണ്‍സ് നേടിയ ചാഡ്‍വിക് വാള്‍ട്ടണ്‍ ആണ് കളിയിലെ താരം. ആന്‍ഡ്രേ റസ്സല്‍ 15 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 29 റണ്‍സ് നേടി. ടിം സൗത്തി മൂന്ന് പന്തില്‍ നിന്ന് 2 സിക്സ് സഹിതം 13 റണ്‍സ് നേടി റസ്സലുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മത്സരത്തില്‍ ആദ്യ തടസ്സം മഴ സൃഷ്ടിച്ചത്. ഹോക്ക്സിനു വേണ്ടി അലി ഖാന്‍ രണ്ടും ഫിഡെല്‍ എഡ്വേര്‍ഡ്സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, റയാദ് എമ്രിറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ടിം സൗത്തി ഡേവിഡ് വാര്‍ണറെ മടക്കിയയച്ചപ്പോള്‍ തന്നെ ഹോക്ക്സ് പ്രതിരോധത്തിലായി. 20 പന്തില്‍ 35 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ്, 17 റണ്‍സ് നേടി ഡേവിഡ് മില്ലര്‍, ഡാരെന്‍ ബ്രാവോ(14*) എന്നിവരും വേഗത്തില്‍ സ്കോറിംഗിനു ശ്രമിച്ചുവെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായതും ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നോട്ട് പോകുവാന്‍ ഹോക്ക്സിനെ ഇടയാക്കി.
നൈറ്റ്സിനു വേണ്ടി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, ടിം സൗത്തി, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial