ഫോര്‍മുല വണ്‍ പുതിയ സീസണിനു ആവേശതുടക്കം. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡേസിന്റെ തന്നെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് വാള്‍ട്ടേരി ബോട്ടാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സെക്കന്‍ഡ് മുന്‍തൂക്കത്തോടെയാണ് ബോട്ടാസ് റേസ് അവസാനിപ്പിച്ചത്. വിജയത്തെ തന്റെ ഏറ്റവും മികച്ച റേസ് എന്നാണ് ബോട്ടാസ് വിശേഷിപ്പിച്ചത്.
പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയത് ലൂയിസ് ഹാമിള്‍ട്ടണ്‍ ആയിരുന്നു. ഇന്നലെ നടന്ന യോഗ്യത റൗണ്ടുകളില്‍ ദശാംശ വ്യത്യാസത്തിലാണ് പോള്‍ പൊസിഷന്‍ ലഭിയ്ക്കാതെ ബോട്ടാസ് പിന്നിലായത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യം തന്നെ ലീഡ് കരസ്ഥമാക്കിയ ബോട്ടാസ് പിന്നീട് റേസ് നിയന്തരിക്കുന്ന രീതിയാണ് കണ്ടത്.
ആദ്യ അഞ്ച് ലാപ്പുകള്‍ക്ക് ശേഷമാണ് താന്‍ കൂടതല്‍ ആത്മവിശ്വാസത്തോടെ ലീഡ് വര്‍ദ്ധിപ്പിച്ചതെന്ന് ബോട്ടാസ് മത്സരശേഷം പറഞ്ഞു. ഏറ്റവും വേഗതയേറിയ ലാപ്പിനു ഇത്തവണ മുതല്‍ പോയിന്റ് ലഭിയ്ക്കും എന്നതാണ് ഫോര്‍മുല വണ്‍ പുതിയ സീസണിന്റെ പ്രത്യേകത.
2017ല്‍ അബുദാബി ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ബോട്ടാസിന്റെ കരിയറിലെ ആദ്യ വിജയമാണ്. താരത്തിനു ഇന്ന് സ്വന്തമാക്കാനായത് തന്റെ കരിയറിലെ നാലാമത്തെ വിജയവുമാണ്.
റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ മൂന്നാം സ്ഥാനത്തും ഫെരാരിയുടെ ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റലും ചാള്‍സ് ലെക്ലെര്‍ക്കും നാലും അഞ്ചും സ്ഥാനങ്ങളില്‍ റേസ് അവസാനിപ്പിച്ചു.