ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് – ആര്‍ആര്‍ഡി കോബ്രാസിനെ തകര്‍ത്ത് യുഎസ്ടി ബ്ലൂ ഫൈനലിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ സെമിയില്‍ വിജയം കുറിച്ച് യുഎസ്ടി ബ്ലൂ. ആര്‍ആര്‍ഡി കോബ്രാസിനെതിരെയാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ യുഎസ്ടി ബ്ലൂ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിനു പത്തോവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് മാത്രമേ നേടാനായുള്ളു. ടോപ് ഓര്‍ഡറില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം വന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതാണ് ടീമിനു തിരിച്ചടിയായത്.

ഒന്നാം വിക്കറ്റില്‍ 2.4 ഓവറില്‍ നിന്ന് 28 റണ്‍സ് നേടിയ ശേഷം യുഎസ്ടിയുടെ സജിന്‍(10 പന്തില്‍ നിന്ന് 18) പുറത്തായ ശേഷം യുഎസ്ടി ഇന്നിംഗ്സിനു താളം തെറ്റി. എന്നിരുന്നാലും മനീഷും(17), ജീത്തും(21) റണ്‍സ് കണ്ടെത്തി ടീമിനെ 68 റണ്‍സിലെത്തിക്കുകയായിരുന്നു. കോബ്രാസിനു വേണ്ടി അരവിന്ദ് രണ്ട് വിക്കറ്റ് നേടി.

മറപുടി ബാറ്റിംഗിനിറങ്ങിയ കോബ്രാസിനു ആദ്യ ഓവറില്‍ മിന്നും തുടക്കം ശരത് മോഹന്‍ നല്‍കിയെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായ ശേഷം കോബ്രാസ് തകര്‍ന്നടിയുകയായിരുന്നു. 5 പന്തില്‍ 18 റണ്‍സ് നേടിയ ശരത്തിനു ശേഷം ഒരു കോബ്രാസ് താരത്തിനു പോലും രണ്ടക്ക സ്കോറിലേക്ക് എത്താനായില്ല. എക്സ്ട്രാസാണ്(8 റണ്‍സ്) ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

1.3 ഓവറില്‍ 1 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ മഹേശ്വരനാണ് യുഎസ്ടിയുടെ ബൗളര്‍മാരില്‍ തിളങ്ങിയത്. ഒപ്പം സയ്യദ് ഫര്‍ഹാന്‍, പ്രവീണ്‍, മനോജ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ആദ്യ ഓവറില്‍ 24 റണ്‍സ് വഴങ്ങിയെങ്കിലും പദ്മനാഭന്‍ ശരത്ത് മോഹന്റെ നിര്‍ണ്ണായക വിക്കറ്റ് നേടി. 8.3 ഓവറില്‍ 44 റണ്‍സിനു കോബ്രാസ് ഓള്‍ഔട്ട് ആയതോടെ യുഎസ്ടി ബ്ലൂ 24 റണ്‍സിന്റെ വിജയവും ഫൈനലിലേക്കുള്ള യോഗ്യതയും സ്വന്തമാക്കി.

നിര്‍ണ്ണായകമായ 21 റണ്‍സും മൂന്ന് മാസ്മരിക ക്യാച്ചുകളും പൂര്‍ത്തിയാക്കിയ ജീത്ത് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.