ചരിത്ര കലണ്ടർ സ്‌ലാമിലേക്കുള്ള അകലം കുറച്ചു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഡച്ച് താരമായ ലോക 121 നമ്പർ താരമായ ടാലോനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ജ്യോക്കോവിച്ച് മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറിയത്. 6-2, 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു സെർബിയൻ താരത്തിന്റെ ജയം. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത ജ്യോക്കോവിച്ച് ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്‍തത്. മകൻസി മക്ഡോനാൾഡിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയ ജപ്പാൻ താരം കെയ് നിഷികോരിയാണ് ജ്യോക്കോവിച്ചിന്റെ മൂന്നാം റൗണ്ടിലെ എതിരാളി. അതേസമയം സ്പാനിഷ് താരം റോബർട്ടോ കാർബലാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവും മൂന്നാം റൗണ്ടിൽ എത്തി. 7-6, 6-3, 6-0 എന്ന സ്കോറിന് ആയിരുന്നു കനേഡിയൻ താരത്തിന്റെ ജയം.
ഫ്രഞ്ച് താരമായ കൊറന്റിനെതിരെ നാലു സെറ്റ് മത്സരം ജയിച്ചാണ് വിംബിൾഡൺ ഫൈനലിസ്റ്റ് ആയ ഇറ്റാലിയൻ താരം ആറാം സീഡ് മറ്റെയോ ബരെറ്റിനി മൂന്നാം റൗണ്ടിൽ എത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇറ്റാലിയൻ താരം രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ 6-4, 6-3 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ നേടിയ ബരെറ്റിനി മത്സരം അനായാസം സ്വന്തം പേരിലാക്കി. അമേരിക്കൻ താരം സാക്കരിയെ 6-3, 7-6, 6-7, 6-4 എന്ന സ്കോറിന് മറികടന്ന 13 സീഡ് മറ്റൊരു ഇറ്റാലിയൻ താരം യാനിക് സിന്നറും മൂന്നാം റൗണ്ട് ഉറപ്പിച്ചു. പരിചയസമ്പന്നനായ അമേരിക്കൻ താരം സ്റ്റീവ് ജോൺസനെ 7-5, 4-6, 6-4, 6-4 എന്ന സ്കോറിന് മറികടന്ന 17 സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം പത്താം സീഡ് ഹംഗേറിയൻ താരം ഉമ്പർട്ട് ഹുർകാസിനെ ഇറ്റലിയുടെ ആന്ദ്രസ് സെപ്പി രണ്ടാം റൗണ്ടിൽ അട്ടിമറിച്ചു. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷമാണ് സെപ്പി അട്ടിമറി ജയം നേടിയത്. സ്‌കോർ : 2-6, 6-4, 6-4, 7-6.