അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന അവിസ്മരണീയ നേട്ടവുമായി 18 കാരിയായ ബ്രിട്ടീഷ് യുവ താരം എമ്മ റാഡുകാനു. സീസണിലെ അവസാന ഗ്രാന്റ് സ്‌ലാമിൽ രണ്ടു ടീനേജ് സൂപ്പർ താരങ്ങൾ വനിത ടെന്നീസിൽ പിറന്നപ്പോൾ ജയം ബ്രിട്ടീഷ് താരത്തിന്. തന്നെക്കാൾ രണ്ടു മാസം മാത്രം മൂത്ത കനേഡിയൻ താരം ലൈയ്‌ല ആനി ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് എമ്മ ചരിത്ര കിരീടം നേടിയത്. 44 വർഷങ്ങൾക്ക് ശേഷമുള്ള വനിത ഗ്രാന്റ് സ്‌ലാം കിരീടത്തിനു ആയുള്ള ബ്രിട്ടീഷ് കാത്തിരിപ്പ് ആണ് ഇതോടെ അവസാനിപ്പിച്ചത്. 53 വർഷങ്ങൾക്ക് ശേഷം യു.എസ് ഓപ്പൺ ജയിക്കുന്ന ബ്രിട്ടീഷ് താരമായി മാറിയ എമ്മ ഓപ്പൺ യോഗ്യത കളിച്ചു ഒരു ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ആദ്യ താരവുമായി(പുരുഷ/വനിത) മാറി. 2004 ലിൽ മരിയ ഷറപ്പോവക്ക് ശേഷം ഗ്രാന്റ് സ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ എമ്മ മാറി.
സെപ്റ്റംബർ 11 അനുസ്മരണക്ക് ശേഷം നടന്ന ടീനേജ് താരങ്ങളുടെ പോരാട്ടത്തിൽ 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു എമ്മ തന്റെ സ്വപ്ന ജയം സ്വന്തമാക്കിയത്. ബില്ലി ജീൻ കിങ്, അവസാന ബ്രിട്ടീഷ് ഗ്രാന്റ് സ്‌ലാം ജേതാവ് വിർജീന വേഡ് അടക്കമുള്ള ഇതിഹാസങ്ങളെ സാക്ഷി നിർത്തി ഇരു താരങ്ങളും മികച്ച ഫൈനൽ പോരാട്ടം തന്നെയാണ് നൽകിയതും. തന്റെ ആദ്യ സർവീസ് അനായാസം നേടിയ എമ്മ ലൈയ്‌ലയുടെ ആദ്യ സർവീസിൽ തന്നെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. 6 തവണ ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും ലൈയ്‌ലക്ക് ആ സർവീസ് 10 മിനിറ്റ് പോരാട്ടത്തിന് ശേഷം കൈവിടേണ്ടി വന്നു. എന്നാൽ തൊട്ടടുത്ത സർവീസിൽ എമ്മയുടെ പ്രതിരോധം തകർത്തു സർവീസ് ബ്രൈക്ക് തിരിച്ചു പിടിച്ചു ലൈയ്‌ല. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തിയെങ്കിലും ഒരിക്കൽ കൂടി സർവീസ് ബ്രൈക്ക് കണ്ടത്തിയ എമ്മ 6-4 നു ഏതാണ്ട് ഒരു മണിക്കൂർ നീണ്ട ആദ്യ സെറ്റ് സ്വന്തം പേരിലാക്കി.
ഇരു താരങ്ങളെയും നിറഞ്ഞ കയ്യടിയോടെയാണ് ആർതർ ആഷെയിലെ കാണികൾ ഓരോ പോയിന്റിലും സ്വീകരിച്ചത്. രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ 3 തവണയാണ് ലൈയ്‌ല ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചത്. തുടർന്ന് തിരിച്ചടിച്ച ലൈയ്‌ല രണ്ടു ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച എമ്മയുടെ സർവീസ് ബ്രൈക്ക് ചെയ്തു രണ്ടാം സെറ്റിൽ 2-1 നു മുന്നിലെത്തി. എന്നാൽ തൊട്ടടുത്ത സർവീസിൽ ബ്രൈക്ക് തിരിച്ചു പിടിച്ചാണ് എമ്മ ഇതിനു മറുപടി പറഞ്ഞത്. തുടർന്ന് സർവീസ് നിലനിർത്തിയ എമ്മ ഒരിക്കൽ കൂടി ലൈയ്‌ലയുടെ സർവീസ് ബ്രൈക്ക് ചെയ്തു കൊണ്ട് കിരീടം വെറും 2 ഗെയിം അകലെയാക്കി. തന്റെ സർവീസിൽ രണ്ടു തവണ മാച്ച് പോയിന്റുകൾ രക്ഷിക്കുന്ന ലൈയ്‌ലയെ ആണ് പിന്നീട് കണ്ടത്. തുടർന്ന് കിരീടത്തിനു ആയി എമ്മ സർവീസ് ചെയ്യാൻ തുടങ്ങി. ഇവിടെയും ഒരു മാച്ച് പോയിന്റ് ലൈയ്‌ല രക്ഷിക്കുന്നുണ്ട് തുടർന്ന് ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ച ലൈയ്‌ല മത്സരം രക്ഷിക്കും എന്നു പോലും തോന്നി. എനനൽ ഈ സമയത്ത് മുട്ടിനു ചെറിയ പരിക്കേറ്റു ചോര പൊടിഞ്ഞ എമ്മ വൈദ്യസഹായം തേടിയത് ലൈയ്‌ലയെ ചൊടിപ്പിച്ചു. ഇതിനു ശേഷം തിരിച്ചു വന്ന എമ്മ ബ്രൈക്ക് പോയിന്റ് രക്ഷിച്ചു മാച്ച് പോയിന്റ് സൃഷ്ടിച്ചു. തുടർന്ന് ഒരു ഏസിലൂടെ അവിശ്വസനീയ നേട്ടം ലോക 150 റാങ്കുകാരിയായ 18 കാരി സ്വന്തം പേരിൽ കുറിച്ചു. വനിത ടെന്നീസ് ചരിത്രത്തിലേക്ക് നടന്നു കയറുന്ന ഈ ഫൈനലിലൂടെ എമ്മ താണ്ടുന്ന ഉയരവും വലുത് തന്നെയാണ്. ഇനിയും എമ്മയെയും ലൈയ്‌ലയെയും ടെന്നീസ് കളത്തിൽ ഒരുപാട് കാലം കാണാം എന്ന പ്രതീക്ഷയിലാണ് ടെന്നീസ് ആരാധകർ.